വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യു.എസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എന്‍സിടിസി) മേധാവി ജോ കെന്റ് രാജിവെച്ചു. ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മര്‍ദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.
വളരെയേറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് ജോ കെന്റ് എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. എന്‍സിടിസി മേധാവി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുകയാണ്. ഇറാനില്‍ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു കുറിപ്പ്. അതേസമയം തന്റെ രാജി വിവരം അറിയിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജോ കെന്റ് എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ജോ കെന്റിന്റെ രാജി എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ യു.എസിന് ഒരിക്കലും ഭീഷണി ഉയര്‍ത്തിയിട്ടില്ല. ഇസ്രയേലിന്റെയും അവരുടെ ശക്തമായ അമേരിക്കന്‍ ലോബിയുടേയും സമ്മര്‍ദ്ദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്നാണ് കെന്റിന്റെ വാദം.
സംഘര്‍ഷം ഉടലെടുത്തതിന് ശേഷം യു.എസ് ഭരണകൂടത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്. രാജ്യത്തിന് നേര്‍ക്കുള്ള ഭീകരവാദ ഭീഷണികളെ തടയുന്നതിനായി രൂപവല്‍കരിച്ച പ്രധാനപ്പെട്ട ഇന്റലിജന്‍സ് വിഭാഗത്തെ നയിച്ചിരുന്ന ആളായിരുന്നു അദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.