ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമ പ്രതിരോധ പദ്ധതിയായ 'സുദര്‍ശന്‍ ചക്ര' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സാധ്യതാ പഠനങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മിസൈലുകള്‍, ഡ്രോണുകള്‍, ഷെല്ലുകള്‍, ആയുധങ്ങള്‍ അടങ്ങിയ ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുമായി റഡാറുകളുടേയും കമാന്‍ഡുകളുടേയും കണ്‍ട്രോള്‍ സെന്ററുകളുടേയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടേയും ദേശ വ്യാപക നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുകയാണ് സുദര്‍ശന്‍ ചക്ര ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട അത്യാധുനിക റഡാറുകള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചും വിഭിന്ന തലങ്ങളിലുള്ള പ്രതിരോധം എങ്ങനെ ഉറപ്പാക്കാമെന്നതിനേക്കുറിച്ചുമാണ് സാധ്യതാ പഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്. ആരംഭ ഘട്ടത്തില്‍ ആയതിനാലും അതീവ രഹസ്യ സ്വഭാവം ഉള്ളതിനാലും പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ സംവിധാനത്തില്‍ നിലവില്‍ സൈന്യത്തിന്റെ പക്കലുള്ള വ്യോമപ്രതിരോധ ആയുധങ്ങളെയും സംയോജിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഭാരത് ഇലക്ട്രോണിക്‌സ് വികസിപ്പിച്ച ആകാശതീര്‍ എന്ന കണ്‍ട്രോള്‍ ആന്‍ഡ് റിപ്പോര്‍ട്ടിങ് സംവിധാനവും ഇതിന്റെ ഭാഗമാകും.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂര് തുടങ്ങിയ മെട്രോ നഗരങ്ങള്‍ക്കും ഐ.എസ്.ആര്‍.ഒ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ സുരക്ഷയൊരുക്കാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 2035 ഓടെ രാജ്യം മുഴുവന്‍ ഈ പ്രതിരോധ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.