ശരീര വൈകല്യം ഇസയ്‌ക്കൊരു കുറവല്ല; ഗെർബർ ബേബി ഇസ തന്നെ

ശരീര വൈകല്യം ഇസയ്‌ക്കൊരു കുറവല്ല;  ഗെർബർ ബേബി ഇസ തന്നെ

ഒക്ലഹോമ: ജനിച്ച് ഏഴ് മാസം മാത്രം പ്രായം. ഇന്ന് ലോകം അറയുന്ന ബേബി ഫുഡ് കമ്പനിയുടെ ചീഫ് ഗ്രോയിംഗ് ഓഫീസര്‍ (സിജിഒ) ആണ് അമേരിക്കയിലെ ഒക്ലഹോമ എഡ്മൗണ്ടില്‍ നിന്നുള്ള ഇസയെന്ന പെണ്‍കുഞ്ഞ്. ശാരീരിക വൈകല്യം വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികളില്‍ എങ്ങനെ വിജയം നേടാമെന്നുകാട്ടി ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് ഈ പിഞ്ചോമന.

ഏറ്റവും ഓമനത്തമുള്ള കുട്ടികളെ കണ്ടെത്താന്‍ ഗെര്‍ബര്‍ സംഘടിപ്പിച്ച ഫോട്ടോ സേര്‍ച്ച് മത്സരത്തിലാണ് ഇസയെ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക്ക് ചെയ്ത് വിജയിയാക്കിയത്. ജന്മനാ വലതുകാല്‍ ശോഷിച്ച ഇസയുടെ നിഷ്‌കളങ്ക ചിരിയോടെയുള്ള ചിത്രം ആളുകള്‍ ഏറ്റെടുത്തു. കണ്ടവരോക്കെ ലൈക്കടിച്ചതോടെ ഇസ 2022 ലെ 'ഗെര്‍ബര്‍ ബേബി'യായി കമ്പനി പ്രഖ്യാപിച്ചു.

ഇതോടെ നവജാത ശിശുക്കള്‍ക്കുള്ള പോഷകാഹാര നിര്‍മാണ കമ്പനിയായ ഗെര്‍ബറിന്റെ അടുത്ത വര്‍ഷത്തേക്കുള്ള 'ചീഫ് ഗ്രോയിംഗ് ഓഫീസര്‍ (സിജിഒ) ആയി ഇസ നിയമിതയായി. കൂടാതെ അവരുടെ പുതിയ ബേബി ഫുഡുകളുടെ ഗുണനിലവാര പരിശോധനയും ഇനി ഇസയാകും നിര്‍വഹിക്കുക. ഗെര്‍ബര്‍ നടത്തിയിട്ടുള്ള മത്സരങ്ങളില്‍ കൈകാലുകള്‍ക്ക് അംഗവൈഗല്യമുള്ള ആദ്യത്തെ ഗെര്‍ബര്‍ ബേബിയാണ് ഇസ.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മത്സരം. മത്സരഫലത്തെ ഏറെ ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് ഇസയുടെ മാതാപിതാക്കള്‍ സ്വീകരിച്ചത്. 'ഞങ്ങള്‍ ആഹ്ലാദഭരിതരാണ്. ഇതൊരു വലിയ ആശ്ചര്യമായിരുന്നു. ഇത്തരം മത്സരങ്ങളില്‍ ഞങ്ങളുടെ കുട്ടിയുടെ ചിത്രം ആരെങ്കിലും നോക്കുമെന്ന് പ്രതീക്ഷിച്ചില്ല. അതിനാല്‍ വിജയ വാര്‍ത്ത അവിശ്വസനീയമാണ്,'' ഇസയുടെ അമ്മ മെറിഡിത്ത് സന്തോഷം അടക്കാനാകാതെ പറഞ്ഞു.

ജന്മനായുള്ള ഫെമറല്‍ ഡിഫിഷ്യന്‍സിയും ഫൈബുലാര്‍ ഹെമിമെലിയയുമാണ് ഇസയുടെ രോഗാവസ്ഥ. തുടയെല്ലിന് വൈകല്യം ഉള്ളതിനാല്‍ വലത് കാലിന് നീളം കുറവാണ്. ശാരിരിക വൈകല്യം പരിഗണിക്കാതെ മത്സരത്തില്‍ പങ്കെടുത്ത ഇസയുടെ മനോദൈര്യവും ആത്മവിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗെര്‍ബര്‍ സിഇഒ തരുണ്‍ മല്‍ക്കാനി അഭിപ്രായപ്പെട്ടു.

മെറിഡിത്ത് 18 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങില്‍ കുട്ടിയുടെ വൈകല്യം അറിഞ്ഞതാണ്. ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് എന്തായിരിക്കുമെന്ന് ഉറപ്പില്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വൈകല്യം വലുത് കാലിനാണെന്ന് തിരിച്ചറിഞ്ഞതെന്ന് പിതാവ് ജോണ്‍ പറഞ്ഞു.

അവയവ വ്യത്യാസങ്ങളോടെ ജീവിക്കുന്ന ആളുകള്‍ക്ക് ആത്മവിശ്വാസവും ജീവിതലക്ഷ്യവും നല്‍കാനാണ് ഇസയെ മത്സരത്തില്‍ പങ്കെടുപ്പിച്ചതെന്നായിരുന്നു അമ്മയുടെ പ്രതികരണം. 'ഇസ മനോഹരിയാണ്. സ്ഥിരോത്സാഹവും ആത്മവിശ്വസവുമാണ് അവളുടെ കൈമുതല്‍. അവയവ വ്യത്യാസങ്ങളോടെ ജനിക്കുന്ന കുട്ടികള്‍ക്ക് അവബോധം വളര്‍ത്താന്‍ സഹായിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഇത് ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.' മെറിഡിത്ത് പറഞ്ഞു.



അടുത്ത സെപ്റ്റംബര്‍ 17ന് ഇസയ്ക്ക് ഒരു വയസ് തികയും. മത്സര വിജയിയായി പ്രഖ്യാപിച്ചതു മുതല്‍ ഒരു വര്‍ഷത്തേക്ക് ഇസയ്ക്ക് ഗെര്‍ബര്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ വസ്ത്രത്തില്‍ 1,000 ഡോളര്‍ ഇളവ്, 1,000 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ്, 25,000 ഡോളര്‍ ക്യാഷ് പ്രൈസ് എന്നിവ ലഭിക്കും. ക്യാഷ് പ്രൈസ് മാര്‍ച്ച് ഓഫ് ഡൈംസിന്റെ മാതൃ-ശിശു ആരോഗ്യ പരിപാടികളിലേക്ക് ഇസയുടെ മാതാപിതാക്കള്‍ സംഭാവന ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.