തൃക്കാക്കരയുടെ ചരിത്രം യുഡിഎഫിന് അനുകൂലമെങ്കിലും ഉപതെരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമാകില്ല

തൃക്കാക്കരയുടെ ചരിത്രം യുഡിഎഫിന് അനുകൂലമെങ്കിലും ഉപതെരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമാകില്ല

കൊച്ചി: യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് തൃക്കാക്കരയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം തന്നെ നേരിടേണ്ടി വരുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.

അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കുപ്പായം തയ്ച്ചു കാത്തിരുന്ന പലരും അതൃപ്തിയിലാണ്. അവരില്‍ പലര്‍ക്കും മണ്ഡലം തിരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടക്കത്തില്‍ അത്ര പോരാ.

പ്രാദേശിക നേതാക്കളുടെ തമ്മിലടിയാണ് യുഡിഎഫ് മണ്ഡലത്തില്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. മുസ്ലീം ലീഗുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് തൃക്കാക്കര നഗരസഭ ഭരിക്കുന്നതെങ്കിലും ഇരു പാര്‍ട്ടികളും തമ്മില്‍ അത്ര യോജിപ്പിലല്ല. കോണ്‍ഗ്രസില്‍ തന്നെ പ്രദേശിക നേതാക്കള്‍ പല തട്ടിലാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ സ്‌പോട്‌സ് കൗണ്‍സിലിലേക്ക് ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താനാവാതെ പോയത്.

ഇതോടെ കൗണ്‍സിലില്‍ ആകെയുള്ള അഞ്ച് സീറ്റിലും എല്‍ഡിഎഫ് പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീട് പരസ്പരം ചെളി വാരിയെറിയലുമായി നേതാക്കള്‍ രംഗത്തു വന്നു. കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റും നഗരസഭാ സ്ഥിരം സമിതി ചെയര്‍മാനുമായ നൗഷാദ് പല്ലച്ചിയാണ് പ്രതിസന്ധിക്ക് കാരണക്കാരനെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരെ മറുപക്ഷം ആരോപണമുന്നയിക്കുന്നു.

ഇത്തരം പല വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ തമ്മിലടിച്ചു നില്‍ക്കുന്ന ഇടത്തേക്കാണ് ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. അന്തരിച്ച മുന്‍ എംഎല്‍എ പി.ടി തോമസിനോട് തുടക്കം മുതല്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഒരു വിഭാഗം മണ്ഡലത്തിലുണ്ട്.

അവര്‍ പി.ടിയുടെ ഭാര്യ ഉമയെ പൂര്‍ണമായും ഉള്‍ക്കൊള്ളാനിടയില്ല എന്നത് ചെറുതായി കാണാനാവില്ല. പി.ടി തോമസ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്ക് എതിരാണ് അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ മത്സരിപ്പിക്കുന്നത് എന്നൊരു പ്രചാരണം സീറ്റ് നിക്ഷേധിക്കപ്പെട്ട നേതാക്കള്‍ തന്നെ രഹസ്യമായി നടത്തുന്നുണ്ട്. ഇതും തിരിച്ചടിയാണ്.

ഏതാണ്ട് 42 ശതമാനത്തിലധികം വോട്ടുകളുള്ള ക്രൈസ്തവ സമുദായങ്ങള്‍ക്ക് മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും എന്നത് നിര്‍ണായകമാണ്. ഇത് മുന്നില്‍ കണ്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായി ആദ്യം കെ.എസ് അരുണ്‍കുമാറിനെ സിപിഎം തീരുമാനിച്ചെങ്കിലും പിന്നീട് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫിലെത്തിയത്. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഡോ.ജോ ജോസഫും ക്രൈസ്തവ വോട്ടുകള്‍ പൂര്‍ണമായും സ്വാധീനിക്കും എന്നുറപ്പു പറയാനാവില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്വാധീനമറിയിച്ച ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്ന ആം ആദ്മി പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ ജാതി സമവാക്യങ്ങളിലൂന്നിയുള്ള വോട്ടുകളുടെ ചേരിതിരിവ് കൂടുതല്‍ വ്യക്തമാകൂ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

മത്സരം കടുക്കുമെങ്കിലും മണ്ഡലത്തിന്റെ ചരിത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ആത്മ വിശ്വാസം നല്‍കുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ പരാജയപ്പെട്ടിട്ടില്ല. 2016 ലും 2021 ലും എല്‍ഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.

കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. ഇന്‍ഫോ പാര്‍ക്കും ജില്ലാ ആസ്ഥാനവും ഉള്‍പ്പെടുന്ന തൃക്കാക്കര ഒരു വിഐപി മണ്ഡലം കൂടിയാണ്. ബെന്നി ബെഹന്നാനായിരുന്നു പ്രഥമ എംഎല്‍എ. പിന്നീട് 2016, 2021 വര്‍ഷങ്ങളില്‍ പി.ടി തോമസ് വിജയിച്ചു.

2011 ല്‍ ബെന്നി ബെഹന്നാന്‍ 22,406 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ഇ ഹസൈനാറെ പരാജയപ്പെടുത്തിയത്. 2016 ല്‍ ബെന്നി ബെഹന്നാനെ മാറ്റിയാണ് പി.ടി തോമസ് എത്തിയത്. ഇടത് സഹയാത്രികനായ ഡോ. സെബാസ്റ്റ്യന്‍ പോളായിരുന്നു എതിരാളി.

11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് പി.ടി ജയിച്ചു കയറിയത്. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ പി.ടി തോമസ് 61,268 വോട്ടും സെബാസ്റ്റ്യന്‍ പോള്‍ 49,455 വോട്ടുകളും നേടി. ബിജെപി അവരുടെ വോട്ട് വിഹിതം അയ്യായിരത്തില്‍ നിന്ന് 21,247 വോട്ടാക്കി ഉയര്‍ത്തി എന്നതും ശ്രദ്ധേയമായി.

2021 ല്‍ ഇടത് സ്വതന്ത്രനായ ഡോക്ടര്‍ ജെ.ജേക്കബിനെയാണ് പി.ടി തോമസ് പരാജയപ്പെടുത്തിയത്. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.ടി വിജയിച്ചത്. 59,839 വോട്ടുകള്‍ പി.ടി തോമസ് നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥിക്ക് 45,510 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്ക് 15,483 വോട്ടിലേക്ക് താഴ്ന്നപ്പോള്‍ മണ്ഡലത്തില്‍ ആദ്യ മത്സരം കാഴ്ച വച്ച ട്വന്റി ട്വന്റി 13,897 വോട്ടുകള്‍ നേടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.