പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ച രോഗിയില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ച രോഗിയില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

ന്യൂയോര്‍ക്ക്: ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചശേഷം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ മരിച്ച രോഗിയില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ് കണ്ടെത്തി. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നറ്റാണ് (57) ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇദ്ദേഹം മാര്‍ച്ചിലാണു മരിച്ചത്.

മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃഗങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോര്‍സൈന്‍ സൈറ്റോമെഗലോ വൈറസ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയ വൈറസിന്റെ പേര്. ഈ വൈറസ് ഡേവിഡിന്റെ ശരീരത്തില്‍ അണുബാധയ്ക്ക് ഇടയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല. മേരിലന്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയില്‍ ഇങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഇത് പുതിയതരം അസുഖങ്ങള്‍ക്കും വഴിതെളിക്കും.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഈ വര്‍ഷം ജനുവരി ഏഴിന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയ നടത്തിയത്.

അവയവങ്ങള്‍ നല്‍കാന്‍ വളര്‍ത്തിയ പന്നികളില്‍ വൈറസുകളില്ലെന്നാണ് കരുതിയത്. എന്തോ പിശക് കാരണം പരീക്ഷണം പാളിപ്പോയിരിക്കാമെന്ന് ബെന്നറ്റിന്റെ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ സര്‍ജര്‍ ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകള്‍ പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്ന വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

ഏഴ് മണിക്കൂറോളം നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍മാര്‍ ബെന്നറ്റില്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.