അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകള്‍ക്ക് മരണമണി; പ്രജനനത്തിന് ഭീഷണിയായി മഞ്ഞുരുക്കം

അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകള്‍ക്ക് മരണമണി; പ്രജനനത്തിന് ഭീഷണിയായി മഞ്ഞുരുക്കം

ബ്യൂണസ് അയേഴ്‌സ്: അന്റാര്‍ട്ടിക്കയുടെ സ്വന്തം പക്ഷിയായ എംപറര്‍ പെന്‍ഗ്വിനുകള്‍ അടുത്ത 30 മുതല്‍ 40 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കാമെന്ന് പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനം ഇവയുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയാകുന്നതായി അര്‍ജന്റീനിയന്‍ അന്റാര്‍ട്ടിക് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎഎ) നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പെന്‍ഗ്വിന്‍ കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ളവയും അന്റാര്‍ട്ടിക്കയില്‍ മാത്രം കാണപ്പെടുന്ന രണ്ട് പെന്‍ഗ്വിന്‍ വര്‍ഗങ്ങളിലൊന്നുമായ എംപറര്‍ പെന്‍ഗ്വിനുകളാണ് കടുത്ത ഭീഷണി നേരിടുന്നത്.

അന്റാര്‍ട്ടിക്കയിലെ ശൈത്യകാലത്താണ് ഇവയുടെ പ്രജനനം. വിരിഞ്ഞ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കടലിലെ കട്ടിയേറിയ ഐസ് ഇവയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഈ ഐസ് കാലക്രമം തെറ്റി ഉരുകുന്നതിനാല്‍ എംപറര്‍ പെന്‍ഗ്വിനുകള്‍ക്ക് അവയുടെ പ്രത്യുത്പാദന ചക്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. മുട്ടവിരിഞ്ഞെത്തിയ, നീന്താന്‍ പ്രായമാകാത്ത പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ തണുപ്പു താങ്ങാനാകാതെ സമുദ്രത്തില്‍ മുങ്ങിച്ചാവുന്നു. ജനിച്ചയുടന്‍ ചുറ്റിലുമുള്ള തണുപ്പിനെ പ്രതിരോധിക്കാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ശേഷിയില്ല.

പെന്‍ഗ്വിനുകള്‍ക്ക് നിലനില്‍പ്പിന് കൃത്യമായ ആനുപാതത്തില്‍ മഞ്ഞും ജലവും ആവശ്യമാണെന്ന് അര്‍ജന്റീനിയന്‍ അന്റാര്‍ട്ടിക് ഇന്‍സ്റ്റിറ്റ്യൂട്ട് ബയോളജിസ്റ്റ് ഡോ. മാര്‍സെല ലിബര്‍ട്ടെല്ലി പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ രണ്ട് കോളനികളിലായി 15,000 പെന്‍ഗ്വിനുകളെയാണ് പഠനത്തിന് വിധേയമാക്കിയത്.

അന്റാര്‍ട്ടിക് മേഖലയിലെ വെഡല്‍ കടലിനു സമീപമുള്ള ഹാലിബെ പ്രദേശത്താണ് രണ്ടാമത്തെ വലിയ എംപറര്‍ പെന്‍ഗ്വിന്‍ കോളനിയുള്ളത്. ഈ മേഖലയില്‍ മൂന്ന് വര്‍ഷമായി വിരിയുന്ന കുഞ്ഞുങ്ങള്‍ കടലില്‍ മുങ്ങിച്ചാവുകയാണ്.

എല്ലാ ഓഗസ്റ്റിലും ശൈത്യകാലത്ത് അന്റാര്‍ട്ടിക്കയിലെ അര്‍ജന്റീനയുടെ റിസര്‍ച്ച് സ്‌റ്റേഷനായ മറാമ്പിയോ ബേസില്‍നിന്നുള്ള ഡോ. മാര്‍സെല ലിബര്‍ട്ടെല്ലിയും മറ്റ് ശാസ്ത്രജ്ഞരും എംപറര്‍ പെന്‍ഗ്വിന്‍ കോളനി സന്ദര്‍ശിക്കും. അവര്‍ കുഞ്ഞുങ്ങളുടെ എണ്ണമെടുക്കുകയും തൂക്കം പരിശോധിക്കുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇവ ഗവേഷണത്തിന് വിധേയമാക്കിയപ്പോഴാണ് ആശങ്കപ്പെടുത്തുന്ന വസ്തുതകള്‍ പുറത്തുവന്നത്.

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കില്‍ ഈ ജീവജാലങ്ങളുടെ ഭാവി ഭയാനകമായിരിക്കുമെന്ന് ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നതായി ഡോ. മാര്‍സെല പറഞ്ഞു.



ഈ കോളനികള്‍ അടുത്ത 30 മുതല്‍ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കാമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ആഗോളതാപനം കാരണം മഞ്ഞുരുകി അന്റാര്‍ട്ടിക്കയില്‍ ജലത്തിന്റെ തോത് ഉയരുന്നത് പെന്‍ഗ്വിനുകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

'ഏത് ജീവജാലങ്ങളുടെയും വംശനാശം ഭൂമിയെ സംബന്ധിച്ച് വലിയ ദുരന്തമാണ്. അത് ചെറുതോ വലുതോ ആകട്ടെ ജൈവവൈവിധ്യത്തിന് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഡോ. മാര്‍സെല പറഞ്ഞു.

എംപറര്‍ പെന്‍ഗ്വിനുകള്‍ ഇല്ലാതാകുന്നത് അന്റാര്‍ട്ടിക്കയിലുടനീളം വലിയ പ്രത്യഘാതമുണ്ടാക്കും. പ്രദേശത്തെ ജീവജാലങ്ങളുടെ ആഹാര ശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അന്റാര്‍ട്ടിക്കയില്‍ അസാധാരണമായി മഴ പെയ്യുന്നതും മഞ്ഞ് ഉരുകുന്നതും കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഏപ്രില്‍ ആദ്യം ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1999 മുതല്‍ അന്റാര്‍ട്ടിക്കയില്‍ ഹിമപാളികള്‍ ഉരുകുന്നതായി ഗവേഷകര്‍ പറഞ്ഞു.

അന്റാര്‍ട്ടിക്കയിലെ അശാസ്ത്രീയമായ മത്സ്യബന്ധനവും അനിയന്ത്രിതമായ ടൂറിസവും പെന്‍ഗ്വിനുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുണ്ട്. പെന്‍ഗ്വിനുകളുടെ ഇഷ്ടഭക്ഷണമായ ചെമ്മീന്‍ പോലുള്ള ക്രില്‍ എന്ന ചെറുജീവികളെ പിടിക്കുന്നതും മറ്റൊരു ഭീഷണിയാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.