ഷിക്കാഗോ: മാര്‍ത്തോമ്മാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈനായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഗോസ്പല്‍ സ്റ്റഡീസ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് ക്ലാസുകള്‍ മെയ് 15ന് ആരംഭിക്കും. നാളെ രാത്രി എട്ടിന് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് കടുകപ്പിള്ളില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, റവ.ഡോ. തോമസ് വടക്കേല്‍, റവ.ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പങ്കെടുക്കും.
വിശ്വാസ പരിശീലനത്തിലേക്ക് യുവാക്കളെ പ്രചോദിതരാക്കുന്നതിനും ദൈവശാസ്ത്രപഠനത്തില്‍ മികവുറ്റവരെ വാര്‍ത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന കോഴ്‌സുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ പറഞ്ഞു.
വെബ്എക്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ക്ലാസുകള്‍ നടക്കുന്നത്. നൂറിലധികം പേര്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു. ബൈബിളിലെ പുതിയ നിയമത്തില്‍ നിന്നുള്ള ഇരുപത്തിനാല് പുസ്തകങ്ങള്‍ പാഠ്യവിഷയമാണ്. ഫാ. തോമസ് കടുകപ്പിള്ളില്‍, റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, റവ.ഡോ.ജോര്‍ജ് ദാനവേലില്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.
46 വിദ്യാര്‍ഥികള്‍ അടങ്ങിയ ആദ്യ ബാച്ച് ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. അവര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ലഭിച്ചു. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോട്ടയം വടവാതൂരിലെ പൗരസ്ത്യ വിദ്യാപീഠത്തിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വര്‍ഷത്തെ സുവിശേഷ പഠനത്തിൽ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.