ഉദയ്പൂര്‍: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് നയിക്കാനുള്ള ചര്‍ച്ചകള്‍ സജീവം. പാര്‍ട്ടി കൂടുതല്‍ മത സംഘടനകളുമായി അടുക്കണമെന്ന നിര്‍ദേശമാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇതിനെതിരേ രംഗത്തു വന്നു.
ചിന്തന്‍ ശിബിരത്തിനിടെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തര്‍ക്കമുണ്ടായത്. മത സംഘടനകളുമായി അടുക്കുന്നത് പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയെ ബാധിക്കുമെന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ നിലപാടെടുത്തു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ വേണ്ടി മത സംഘടനകളുമായി സഹകരിക്കണമെന്നായിരുന്നു ഉത്തരേന്ത്യന്‍ നേതാക്കളുടെ ആവശ്യം. ഇതിനെതിരേയാണ് ദക്ഷിണേന്ത്യന്‍ പ്രതിനിധികള്‍ നിലപാടെടുത്തത്.
യുവാക്കള്‍ക്ക് പാര്‍ലമെന്ററി ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കണമെന്നും പദവികളില്‍ 50 ശതമാനം യുവാക്കള്‍ വേണമെന്നുമാണ് യുവജന കാര്യ പ്രമേയത്തിലെ നിര്‍ദേശം. മുഖ്യമന്ത്രി പദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സമിതിയില്‍ സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഇതിനോട് വിയോജിച്ചു.
രാഹുല്‍ അധ്യക്ഷനാകണമെന്ന ആവശ്യം അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും സമിതി ചര്‍ച്ചകളില്‍ നേതാക്കള്‍ ഇത് ഉന്നയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നേണ്ട യോഗത്തില്‍ അധ്യക്ഷ പദവി ചര്‍ച്ച ഉയരുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ട്.