ഖാര്‍കിവില്‍ നിന്ന് റഷ്യ പിന്‍മാറുന്നു; പരാജയം തിരിച്ചറിഞ്ഞാണ് പിന്‍മാറ്റമെന്ന് സെലെന്‍സ്‌കി

ഖാര്‍കിവില്‍ നിന്ന് റഷ്യ പിന്‍മാറുന്നു; പരാജയം തിരിച്ചറിഞ്ഞാണ് പിന്‍മാറ്റമെന്ന് സെലെന്‍സ്‌കി

കീവ്: ഉക്രെയ്‌ന്റെ വടക്കുകിഴക്കന്‍ മേഖലയായ ഖാര്‍കിവില്‍ നിന്ന് റഷ്യ പിന്‍മാറുന്നു. ആഴ്ച്ചകളോളം നീണ്ട കനത്ത ഷെല്ലാക്രമണത്തിന് ശേഷമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ നിന്നുള്ള റഷ്യന്‍ സൈനത്തിന്റെ പിന്‍മാറ്റം. നഗരത്തിനായുള്ള യുദ്ധം വിജയിച്ചതായി ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു.

ഉക്രെയ്ന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ പരാജയം തിരിച്ചറിഞ്ഞാണ് റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പ്രദേശങ്ങളാണ് റഷ്യന്‍ പട്ടാളത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് തിരിച്ചുപിടിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി കാര്യമായ ആക്രമണങ്ങളൊന്നും ഖാര്‍കിവില്‍ നടന്നില്ല. ഖാര്‍കിവ് വിമാനത്താവളത്തിന് സമീപം ഒരു മിസൈല്‍ ആക്രമണ ശ്രമം മാത്രമേ ഉണ്ടായുള്ളു. എന്നാല്‍ ഉക്രേനിയന്‍ വ്യോമ സേന അതിനെ പ്രതിരോധിച്ചെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രെയ്‌ന്റെ ശക്തമായ പ്രതിരോധമാകാം ഖാര്‍കിവില്‍ നിന്ന് റഷ്യ പിന്‍വലിയാനുള്ള തീരുമാനത്തിന് പിന്നിലെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാര്‍ അഭിപ്രായപ്പെട്ടു.



ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഡോണ്‍ബാസിലേക്ക് പ്രവേശിച്ച റഷ്യന്‍ സൈന്യത്തിന് ഇവിടെ കാര്യമായ മുന്നേറ്റം നടത്താന്‍ ആയിട്ടില്ല. ശക്തമായ പ്രതിരോധമാണ് എല്ലാ മേഖലയിലും ഉക്രെയ്ന്‍ റഷ്യയ്ക്ക് സമ്മാനിക്കുന്നത്. അതേസമയം കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ റഷ്യ അക്രമണം ശക്തമാക്കിയതായാണ് വാര്‍ത്തകള്‍.

തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ പൂര്‍ണമായി വിജയം കണ്ടെന്ന് അവകാശപ്പെടാനാകില്ല. മരിയുപോളിലെ പ്രമുഖ ഉരുക്ക് നിര്‍മാണ ശാലയില്‍ രണ്ടാഴ്ച്ചയിലേറെയായി കുടുങ്ങിക്കിടക്കുന്ന സൈനീകരെയും പ്രദേശവാസികളെയും രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ഉരുക്ക് നിര്‍മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നവരെ വിട്ടുകിട്ടുന്നതിന് പകരമായി ഉക്രെയ്ന്‍ പിടിച്ചുവച്ചിരിക്കുന്ന റഷ്യന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൂന്ന് മാസം നീണ്ട ശക്തമായ പോരാട്ടത്തിനൊടിവില്‍ മരിയുപോളിന്റെ നിയന്ത്രണം ഇപ്പോള്‍ റഷ്യയുടെ കൈകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.