'എന്റെ ശരീരം, എന്റെ ഇഷ്ടം; കുരുന്നു ജീവനുകള്‍ക്ക് ജന്മാവകാശം വേണ്ട': അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ കൂറ്റന്‍ റാലി

'എന്റെ ശരീരം, എന്റെ ഇഷ്ടം; കുരുന്നു ജീവനുകള്‍ക്ക് ജന്മാവകാശം വേണ്ട': അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ കൂറ്റന്‍ റാലി

ന്യൂയോര്‍ക്ക്: വ്യക്തി സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി മുറവിളികൂട്ടുന്നവര്‍ കുരുന്നു ജീവനുകള്‍ക്ക് ജന്മാവകാശം നിഷേധിക്കണമെന്ന ആഹ്വാനവുമായി അമേരിക്കയില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടത്തി. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകള്‍ നടത്തിയ റാലിയില്‍ സ്വന്തം ശരീരത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളെക്കുറിച്ചാണ് അവര്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ ആരും തയാറായുമില്ല.

50 വര്‍ഷമായി രാജ്യത്തിന് നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രനിയമം റദ്ദ് ചെയ്‌തേക്കുമെന്നുള്ള സൂചനകള്‍ സുപ്രീംകോടതയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ രാജ്യവ്യാപകമായി അഴിച്ചുവിട്ട പ്രതിഷേധങ്ങളുടെയും അക്രമസംഭവങ്ങളുടെയും തുടര്‍ച്ചയായാണ് അമേരിക്കയിലെ പ്രധാന നഗരങ്ങളെ കോര്‍ത്തിണക്കി നടത്തിയ വന്‍ പ്രതിഷേധ റാലി.

'എന്റെ ശരീരം, എന്റെ ഇഷ്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ നഗരങ്ങളില്‍ നിന്നെത്തിയ പ്രതിഷേധക്കാര്‍ വാഷിംഗ്ടണ്‍ സ്മാരകത്തില്‍ ഒത്തുകൂടി. തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തിനനുകൂലമായ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്ന പ്രസംഗങ്ങളും അനുഭവങ്ങളും പങ്കുവച്ചു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളും കൈയ്യിലേന്തി മുദ്രാവാക്യങ്ങള്‍ മുഴക്കി സുപ്രീം കോടതിയിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.



അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ 1973 ലെ റോ വേഴ്‌സസ് വേഡ് വിധി റദ്ദ് ചെയ്യുന്നതായി സൂപ്രീം കോടതിയില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും അക്രമ സംഭവങ്ങളുമായി തെരുവിലിറങ്ങിയത്.

ഒമ്പതംഗ ബഞ്ചിലെ അഞ്ച് വലതുപക്ഷ ജസ്റ്റിസുമാര്‍ അബോര്‍ഷന് എതിരായ നിലപാട് കൈക്കൊണ്ടു. ജനിക്കാരിക്കുന്ന കുഞ്ഞിനും ജീവിക്കാന്‍ അവകാശം ഉണ്ട് എന്നതായിരുന്നു ഇവരുടെ നിരീക്ഷണം. എന്നാല്‍ ബഞ്ചിലെ മൂന്ന് പേര്‍ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി നിന്നു. ജസ്റ്റിസുമാര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധന ഫലം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യ വിഥികള്‍ പ്രതിഷേധ വേദികളായി മാറിയത്.

ജൂണ്‍ അവസാനത്തോടെ ഹര്‍ജിയില്‍ അന്തിമ വിധി വരും. ഗര്‍ഭച്ഛിദ്രം അനുവദിച്ചുകൊണ്ടുള്ള റോ വേഴ്‌സസ് വേഡ് വിധി റദ്ദാക്കുകയാണങ്കില്‍ 26 യുഎസ് സംസ്ഥാനങ്ങളെങ്കിലും ഗര്‍ഭച്ഛിദ്രം നിരോധിക്കപ്പെടും. ഇതിന് തടയിടാനാണ് സമ്മര്‍ദ്ദ തന്ത്രമാണ് പ്രതിഷേധക്കാരുടെ കൂറ്റന്‍ റാലി.



വിധി വരുന്നതിന് മുന്‍പ് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒക്ലഹോമയും ടെക്സാസും ഗര്‍ഭച്ഛിദ്രത്തിന് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ലൂസിയാനയില്‍ ഗര്‍ഭച്ഛിദ്രം കൊലപാതക കുറ്റമാകുന്ന ബില്ല് സഭയില്‍ അവതരിപ്പിച്ചു.

ഗര്‍ഭച്ഛിദ്ര നിരോധന നിയമം വരുന്നതോടെ നൂറു കണക്കിന് സ്ത്രീകള്‍ മൈലുകള്‍ താണ്ടി മറ്റ് രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ഉള്ള അബോര്‍ഷന്‍ ക്ലീനിക്കുകളില്‍ പോകാന്‍ നിര്‍ബന്ധിതരാകുമെന്നും ഇത് ഗര്‍ഭിണികളായ സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് ആഘാതം വര്‍ധിപ്പിക്കുമെന്നും വിമന്‍സ് മാര്‍ച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റേച്ചല്‍ കാര്‍മോണ പറഞ്ഞു. മാത്രമല്ല ആരെങ്കിലും സ്വന്തം നിലയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന സാഹചര്യത്തിലേക്ക്് എത്തിയാല്‍ അത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.