കാട്ടുപന്നി ശല്യം: പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വെടിവെക്കാന്‍ അനുമതി; ശുപാര്‍ശ താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

 കാട്ടുപന്നി ശല്യം: പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വെടിവെക്കാന്‍ അനുമതി; ശുപാര്‍ശ താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ ശുപാര്‍ശ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നല്‍കുക. കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടു പന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.