രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിടാതെ ഡിഎംകെ; നാലില്‍ ഒരു സീറ്റ് വിട്ടുനല്‍കി സ്റ്റാലിന്‍

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിടാതെ ഡിഎംകെ; നാലില്‍ ഒരു സീറ്റ് വിട്ടുനല്‍കി സ്റ്റാലിന്‍

ചെന്നൈ: അടുത്ത മാസം പത്തിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശക്തരാല്ലെങ്കിലും കോണ്‍ഗ്രസിനായി ഒരു സീറ്റ് മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മറന്നില്ല. ഒഴിവു വന്ന ആറു സീറ്റുകളില്‍ ഇപ്പോഴത്തെ കക്ഷി ബലമനുസരിച്ച് ഡിഎംകെ സഖ്യത്തിന് നാല് സീറ്റുകളിലും അണ്ണാഡിഎംകെയ്ക്ക് രണ്ടു സീറ്റുകളിലും വിജയിക്കാനാവും.

മൂന്ന് സീറ്റുകള്‍ ഡിഎംകെയ്ക്കും ഒരു സീറ്റ് കോണ്‍ഗ്രസിനുമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തഞ്ചാവൂര്‍ എസ്. കല്യാണസുന്ദരം, കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍, ആര്‍. ഗിരിരാജന്‍ എന്നിവരാണ് ഡിഎംകെ സ്ഥാനാര്‍ഥികള്‍. മേയ് 24 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങും.

പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റിലേക്കാണ് ജൂണ്‍ 10 ന് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ് -11, തമിഴ്നാട്, മഹാരാഷ്ട്ര -ആറുവീതം, ബിഹാര്‍-അഞ്ച്, ആന്ധ്രപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍-നാലുവീതം, മധ്യപ്രദേശ്, ഒഡിഷ-മൂന്നുവീതം, തെലങ്കാന, ഛത്തീസ്ഗഢ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന- രണ്ടുവീതം, ഉത്തരാഖണ്ഡ്- ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ (കര്‍ണാടകം), വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ (മഹാരാഷ്ട), ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി (ജാര്‍ഖണ്ഡ്), അല്‍ഫോണ്‍സ് കണ്ണന്താനം (രാജസ്ഥാന്‍), കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍ (ഉത്തര്‍പ്രദേശ്), പി. ചിദംബരം (മഹാരാഷ്ട്ര), ജയ്റാം രമേശ് (കര്‍ണാടകം), അംബിക സോണി (പഞ്ചാബ്) തുടങ്ങിയവര്‍ വിരമിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.