ദിവ്യകാരുണ്യ ഭക്തനായ വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍

ദിവ്യകാരുണ്യ ഭക്തനായ വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍

അനുദിന വിശുദ്ധര്‍ - മെയ് 17

വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍ 1540 ലെ പെന്തക്കുസ്ത തിരുനാള്‍ ദിവസം സ്‌പെയിനിലെ അരഗേണില്‍ തോരെ ഹോര്‍മോസെയിനിലാണ് ജനിച്ചത്. വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസുകളുടെയും മധ്യസ്ഥനായാണ് ഈ വിശുദ്ധന്‍ അറിയപ്പെടുന്നത്. സ്പാനിഷ് ഭാഷയില്‍ പെന്തക്കുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്‌ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്‌ക്കല്‍ എന്ന പേര് ശിശുവിന് നല്‍കി.

ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം, യൗസേപ്പ് എന്നായിരുന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്ക് കൊണ്ട് പോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേക്ക് നോക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. ഭാവിയില്‍ സക്രാരിയോടുണ്ടാകാന്‍ പോകുന്ന സ്‌നേഹമൊക്കെ പ്രഥമ സന്ദര്‍ശനത്തില്‍ തന്നെ കുഞ്ഞ് പ്രകടമാക്കി.

എട്ട് വയസു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി. അവന്റെ വടിയുടെ പിടിയില്‍ ദൈവ മാതാവിന്റെ ഒരു സ്വരൂപം കൊത്തിയിരുന്നു. ആടുകളെ മേയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലെ സക്രാരിയെക്കുറിച്ചായിരുന്നു. ആടുകള്‍ മേച്ചില്‍ സ്ഥലത്തെത്തിയാലുടനെ വടി ഒരു സ്ഥലത്ത് കുത്തി നിര്‍ത്തും. അത് അവന്റെ ഒരു കൊച്ചു പള്ളിയായി മാറും.

ദിവസം തോറും പാസ്‌ക്കല്‍ വിശുദ്ധ കുര്‍ബാന കണ്ടിരുന്നു. ഒരിക്കല്‍ അവന്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള മണി അടിക്കുന്നത് കേട്ടു. അപ്പോള്‍ അവന്‍ തീവ്രമായ ഭക്തിയോടെ അപേക്ഷിച്ചു. 'കര്‍ത്താവേ ഞാന്‍ അങ്ങയെ കാണട്ടെ' ഉടനെ ഒരു പ്രകാശം വീശുന്നതും ഒരു സ്വര്‍ണ കാസയുടെ മേല്‍ തിരുവോസ്തി ഉയര്‍ന്ന് നില്‍ക്കുന്നതും പസ്‌ക്കല്‍ ദര്‍ശിച്ചു. ഈ ദൃശ്യാനുഭവം പാസ്‌ക്കലിനെ ഫ്രാന്‍സിസ്‌ക്കന്‍ സഭയിലേക്ക് ആനയിച്ചു.

ഒരു സന്യാസ സഹോദരനെന്ന നിലയില്‍ മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ദരിദ്രരോട് ക്രിസ്തുനാഥനോടെന്ന പോലെ അദ്ദേഹം വര്‍ത്തിച്ചു. ആശ്രമ ശ്രേഷ്ടന്‍ ഒരിക്കല്‍ ഇങ്ങനെ പ്രസ്താവിച്ചു. 'ഇത്ര ശാന്തശീലനും കഠിന ഹൃദയനുമായ വേറെയോരാളെ ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവരോട് അദ്ദേഹം മധുരമായി പെരുമാറും. തന്നോടു തന്നെ എത്രയും കഠിനമായി പ്രവര്‍ത്തിക്കും'.

സക്രാരിയുടെ മുന്‍പില്‍ പലപ്പോഴും അദ്ദേഹത്തെ സമാധിയിലാണ് കണ്ടിരുന്നത്. ദിവ്യപൂജയ്ക്ക് ശുശ്രൂഷിക്കാനുള്ള പാസ്‌ക്കലിന്റെ താല്‍പര്യം നിമിത്തം ചില ദിവസങ്ങളില്‍ എട്ടും പത്തും ദിവ്യപൂജയില്‍ സംബന്ധിച്ചിരുന്നു. 1592 ലെ പെന്തക്കുസ്ത ദിവസം ആശ്രമത്തിലെ പ്രധാന ദിവ്യപൂജയുടെ സമയത്ത് തിരുവോസ്തി ഉയര്‍ത്തിയ വേളയില്‍ ആ ദിവ്യബലിയോട് ചേര്‍ന്ന് പാസ്‌ക്കലിന്റെ ആത്മാവും സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇംഗ്ലണ്ടിലെ മായില്‍ ഡുള്‍ഫ്
2. അന്ത്രോണിക്കൂസും ജൂനിയാസും
3. ബൂട്ട് ദ്വീപിലെ ബിഷപ്പായ കാത്താന്‍
4. ഹെറാഡിയൂസും പോലും അക്വലിനൂസും കൂട്ടരും
5. അലക്‌സാന്‍ഡ്രിയായിലെ അട്രിയോ, വിക്ടര്‍, ബസില്ല.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മിയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26