മഴയില്‍ കുതിര്‍ന്ന് കേരളം: പെരിങ്ങല്‍കുത്ത് ഡാം തുറന്നേക്കും; ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

 മഴയില്‍ കുതിര്‍ന്ന് കേരളം: പെരിങ്ങല്‍കുത്ത് ഡാം തുറന്നേക്കും; ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

കാലവര്‍ഷം എത്തുന്നതിന് മുന്‍പ് ഇടുക്കിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

രണ്ടായിരത്തി പതിനെട്ട് മുതല്‍ ഇടുക്കിയിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തോട്ടം മേഖലയിലെ ഇടിഞ്ഞു വീഴാറായ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെട്കര്‍മാര്‍ നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ നീക്കം ചെയ്യുന്നതിന് വില്ലേജ് അടിസ്ഥാനത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളുടെയും ലോറികളുടെയു ലിസ്റ്റ് തയ്യാറാക്കും. ഇത് പഞ്ചായത്തിനും പൊലീസിനും കൈമാറും. കളക്ട്രേറ്റിലും അഞ്ച് താലൂക്ക് ഓഫീസുകളിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.