'നികൃഷ്ട ജീവി പരാമര്‍ശം നടത്തിയ പിണറായി വിജയനെതിരെ എവിടെയാണ് കേസ്'; സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി ഡി സതീശന്‍

'നികൃഷ്ട ജീവി പരാമര്‍ശം നടത്തിയ പിണറായി വിജയനെതിരെ എവിടെയാണ് കേസ്'; സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി ഡി സതീശന്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് അര്‍ഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ സൃഷ്ടിച്ച കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

സുധാകരനെതിരെ എടുത്ത കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിനെയും സതീശന്‍ പരിഹസിച്ചു. കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസില്‍ പോലും വെക്കാന്‍ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടു പോയ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറാണ്. എം എം മണിയുടേയും പിണറായിയുടെയും വാക്കുകളില്‍ തുടങ്ങാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായി സിപിഎം ബിജെപിയെ സഹായിച്ചു. അധികാരം നഷ്ടമാകാതിരിക്കാനാണ് വോട്ട് മറിച്ചത്. പി രാജീവ് വടി കൊടുത്ത് അടി വാങ്ങരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.