സാക്ഷികള്‍ക്കു പുറമേ വിചാരണക്കോടതിയെ പോലും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു: ഗുരുതര വാദമുന്നയിച്ച് പ്രോസിക്യൂഷന്‍

സാക്ഷികള്‍ക്കു പുറമേ വിചാരണക്കോടതിയെ പോലും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു:  ഗുരുതര  വാദമുന്നയിച്ച് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് സാക്ഷികള്‍ക്കു പുറമേ വിചാരണക്കോടതിയെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ വാദം ഉന്നയിച്ച് പ്രോസിക്യൂഷന്‍.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിഭാഗം അഭിഭാഷകനും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജും തമ്മിലുള്ള സംസാരമാണ് ഇതിലുള്ളത്.

പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവായി സുരാജിന്റെ ഫോണില്‍ കണ്ടെത്തിയ രണ്ട് ശബ്ദ സന്ദേശങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

''ആദ്യമൊക്കെ മസില്‍ പിടിച്ചെങ്കിലും അവര്‍ കുറച്ചൊക്കെ അങ്ങോട്ട് അയഞ്ഞില്ലേ, അവസാനമായപ്പോ നല്ല വ്യത്യാസമായി..'' എന്നു തുടങ്ങുന്ന സംസാരത്തില്‍ മുഴുവന്‍ വിചാരണക്കോടതിയെ എങ്ങനെയാണ് തന്ത്രപരമായി വശത്താക്കേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ സുരാജിനെ പറഞ്ഞു പഠിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

വിചാരണക്കോടതിയെ ഉദ്ദേശിച്ച് ''തേടിയ വള്ളി കാലില്‍ ചുറ്റി.'' എന്നു തുടങ്ങുന്ന നേരത്തെ പുറത്തുവന്ന ശബ്ദസന്ദേശവും പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി. പ്രതിഭാഗം സ്വാധീനിച്ച സാക്ഷികളുടെ പട്ടികയും ഏതുവിധമാണ് ഇത്തരം സാക്ഷികളെ പ്രതികളും അവരുടെ അഭിഭാഷകരും ചേര്‍ന്നു വശത്താക്കിയതെന്നുമുള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വാദത്തിനിടെ 'ദിലീപിന്റെ ഭാഗം മുഴുവന്‍ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവന്‍ തെറ്റ് എന്നാണ് കോടതി കരുതുന്നത്' എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞത് വിചാരണക്കോടതിയെ പ്രകോപിപ്പിച്ചു. ഇത്തരം പരാമര്‍ശത്തിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ദിലീപിന്റെയോ പ്രോസിക്യൂഷന്റെയോ രക്ഷകയല്ലെന്നും നീതി ഉറപ്പാക്കുകയാണു കോടതിയുടെ കര്‍ത്തവ്യമെന്നും ജഡ്ജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി.

പീഡനക്കേസിലെ പ്രതിയായ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം പ്രോസിക്യൂഷന്‍ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ജാമ്യ ഹര്‍ജി തള്ളുന്നതും ജാമ്യം അനുവദിക്കുന്നതും പോലെയല്ല പ്രതിക്ക് ഒരിക്കല്‍ നല്‍കിയ ജാമ്യം റദ്ദാക്കുന്നത്. അതിനു തക്കതായ ഗൗരവമുള്ള കാരണം കോടതി മുന്‍പാകെ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം ഹാജരാക്കാന്‍ 26 വരെ കോടതി സമയം അനുവദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.