രാജ്യത്ത് ആദ്യമായി 5ജി വീഡിയോകോള്‍ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്; വൈറലായി വീഡിയോ

രാജ്യത്ത് ആദ്യമായി 5ജി വീഡിയോകോള്‍ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്; വൈറലായി വീഡിയോ

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐഐടിയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വീഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്. എന്‍ഡ് ടു എന്‍ഡ് നെറ്റ്വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്‍പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി സേവനങ്ങളും ഉല്‍പന്നങ്ങളും നിര്‍മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും 5 ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാന്‍ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡദി ഉദ്ഘാടനം ചെയ്തിരുന്നു.

ഇന്ത്യന്‍ 5 ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ചേര്‍ന്നാണ് 5ജി ടെസ്റ്റ് ബെഡ് വികസിപ്പിച്ചിരിക്കുന്നത്. ഐഐടി ഡല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി കാണ്‍പൂര്‍, ഐഐഎസി ബെംഗ്‌ളൂര്, സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംങ് ആന്റ് റിസര്‍ച്ച്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്‌നോളജി എന്നിവയാണ് പദ്ധതിയില്‍ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങള്‍.

ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് 5ജി സേവനങ്ങളുടെ വാണിജ്യപരമായ റോള്‍ ഔട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലികോം കമ്പനികള്‍ക്ക് 5ജി സേവനങ്ങളുടെ ട്രയല്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.