ചെടികളുടെ 'ശ്വസനം' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

ചെടികളുടെ 'ശ്വസനം' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് പറയുമ്പോഴും അവ ശ്വസിക്കുന്നത് ആരും നേരില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആരെയും അതിശയിപ്പിക്കുന്നതാണ്. മനുഷ്യരെ പോലെ തന്നെ സസ്യങ്ങളും ശ്വാസോച്ഛ്വാസം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെയുള്ള ഗവേഷണത്തിനിടെ കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞരാണ് ഈ അത്ഭുതം ജനിപ്പിക്കുന്ന ക്ലോസ്-അപ്പ് ക്ലിപ്പ് പകര്‍ത്തിയത്.

കാര്‍ബണ്‍ഡയോക്‌സൈഡിന് ക്രമീകരിക്കാന്‍ സസ്യങ്ങള്‍ എങ്ങനെയാണ് അവയുടെ വായ എന്നറിയപ്പെടുന്ന സ്റ്റോമാറ്റ എന്ന ഭാഗം ഉപയോഗിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്താന്‍ ശ്രമിച്ചത്.

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോതനുസരിച്ച് സസ്യങ്ങള്‍ അവയുടെ സ്റ്റോമാറ്റ എങ്ങനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു എന്നറിയുന്നത് അനുദിനം മാറുന്ന കാലാവസ്ഥാ പരിതസ്ഥിതിയില്‍ അനുയോജ്യമായ വിളകള്‍ ഉത്പാദിപ്പിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ വക്താവ് ജാരെഡ് ഡാഷോഫ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് ഭാവിയില്‍ സസ്യജല ഉപയോഗത്തിന്റെ കാര്യക്ഷമതയ്ക്കും സഹായകമാകും എന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഗോതമ്പ്, ചോളം, നെല്ല് തുടങ്ങിയവയ്ക്ക് മാറി വരുന്ന കാലാവസ്ഥാ പരിതസ്ഥിതിയില്‍ അതിജീവിക്കുക ഏറെ ദുഷ്‌കരമാണെന്നും അതിനാല്‍ ഈ വിളകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പുതിയ കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന് ഈ പഠനം സഹായകമാകും എന്നുമാണ് ഗവേഷകര്‍ കരുതുന്നത്.

പുതിയ കണ്ടെത്തലില്‍ ഗവേഷകര്‍ സംതൃപ്തരാണ്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിളകള്‍ സംരക്ഷിക്കപ്പെടുന്നതിന് ആവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആകും ഇനി നടക്കുക എന്നും ഗവേഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.