മെക്‌സിക്കോയില്‍ കത്തോലിക്ക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍

മെക്‌സിക്കോയില്‍ കത്തോലിക്ക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍

മെക്‌സികോ സിറ്റി: മെക്‌സിക്കന്‍ സംസ്ഥാനമായ ബാജാ കാലിഫോര്‍ണിയയില്‍ കത്തോലിക്ക പുരോഹിതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 57 വയസുകാരനായ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാല്‍ഡാനയുടെ മൃതദേഹമാണ് ടെകേറ്റ് നഗരത്തില്‍ കണ്ടെത്തിയത്. അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ നഗരമാണിത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഫാ. ജോസിന്റെ കൊലപാതകം.

ടെക്കേറ്റിലെ ഗ്രാമീണ മേഖലയില്‍ പുരോഹിതന്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പുരോഹിതനൊപ്പം തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി.

ടെക്കേറ്റിലെ സെന്റ് ജൂഡ് തദേവൂസ് ഇടവകയുടെ വികാരിയാണ് ഫാ. ജോസ്. ടിജുവാന അതിരൂപതയുടെ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ മൂവ്മെന്റില്‍ അംഗവുമായിരുന്നു.

അടിയേറ്റ പാടുകളോടെയാണ് പുരോഹിതന്റെ മൃതദേഹം കണ്ടെത്തിയത്. മര്‍ദിച്ചു കൊലപ്പെടുത്തിയ നിലയിലാണ് അജ്ഞാതന്റെ മൃതദേഹവുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 15-നാണ് വൈദികനെ അവസാനമായി കണ്ടത്. വൈദികനെ കാണാതായ സംഭവത്തില്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇടവകക്കാര്‍ അദ്ദേഹത്തെ അന്വേഷിച്ച് താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഫാ. ജോസിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ മൊറേനോ ബാരോണും ടിജുവാന അതിരൂപതയും അറിയിച്ചു. 25 വര്‍ഷത്തിലേറെയായി അതിരൂപതയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.

1994 ഒക്ടോബര്‍ 29-നാണ് വൈദികനായി അഭിഷിക്തനായത്. വിവിധ പള്ളികളില്‍ ഇടവക വികാരിയായി സേവനമനുഷ്ടിച്ച അദ്ദേഹം പ്രധാനപ്പെട്ട ചുമതലകളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ ആറു മുതല്‍ ടെക്കേറ്റിലെ കുടിയേറ്റക്കാരുടെ അഭയകേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുവരികയായിരുന്നു.

2022-ന്റെ തുടക്കം മുതല്‍ ഈ മേഖലയില്‍ മൊത്തം 28 കൊലപാതകങ്ങള്‍ നടന്നതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബാജാ കാലിഫോര്‍ണിയ.

ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസിന്റെ കൊലപാതകത്തോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മെക്‌സിക്കോയില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട വൈദികരുടെ എണ്ണം അഞ്ചായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.