ന്യൂഡല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പട്യാല സെഷന്‍സ് കോടതിയിലെത്തി കീഴടങ്ങി.
റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സിദ്ദു പട്യാല സെഷന്‍സ് കോടതിയിലെത്തി കീഴടങ്ങിയത്.
മുപ്പത്തിനാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീം കോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്.
ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു.
പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു മൂന്നു വര്‍ഷം തടവിനു വിധിച്ചെങ്കിലും 2018 ല്‍ സുപ്രീം കോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. കേസ് മുപ്പതിലധികം വര്‍ഷം പഴക്കമുള്ളതാണെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീം കോടതി ശിക്ഷ ഇളവ് ചെയ്തത്.
പിന്നീട് ഗുര്‍ണാം സിങിന്റെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.