ഇന്ന് രാജീവ് ഗാന്ധിയുടെ 31ാമത് ചരമ വാര്‍ഷിക ദിനം; സോണിയ ഗാന്ധിയും പ്രിയങ്കയും വീര്‍ ഭൂമിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു

ഇന്ന് രാജീവ് ഗാന്ധിയുടെ 31ാമത് ചരമ വാര്‍ഷിക ദിനം; സോണിയ ഗാന്ധിയും പ്രിയങ്കയും വീര്‍ ഭൂമിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു

ന്യൂഡല്‍ഹി: വളരുന്ന ഇന്ത്യയെ സ്വപ്നം കണ്ട ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ സമാധി സ്ഥലമായ 'വീര്‍ ഭൂമി'യിലെത്തി സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തന്റെ പിതാവ് ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എന്റെ പിതാവ് ദയയും അനുകമ്പയുമുള്ള മനുഷ്യനായിരുന്നു. ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം ഞങ്ങളെ പഠിപ്പിച്ച അദ്ദേഹം എനിക്കും പ്രിയങ്കയ്ക്കും ഒരു വിസ്മയജനകമായ പിതാവായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ച സമയത്തെക്കുറിച്ച് ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു' - രാഹുല്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിന്‍ പൈലറ്റും അടക്കമുള്ള പ്രമുഖരും മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. തന്റെ യുവത്വം രാജ്യത്തിനു പകര്‍ന്നു നല്‍കി ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഏറ്റവും ചെറിയ ഒരു ഭരണകാലയളവില്‍ തന്നെ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ശാസ്ത്ര വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ലോകത്തിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ച അദ്ദേഹം ഇന്ത്യയുടെ വിദേശനയം ഏറ്റവും നന്നായി മുന്നോട്ടു കൊണ്ട് പോയ ഒരു നയതന്ത്രജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പേരറിവാളന്റെ മോചനം കൂടി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണ്. രാജീവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയില്‍ പോലും അതിന് കാരണക്കാരായവരുടെ കുടുംബത്തിന്റെ ദുഖം കൂടി തങ്ങളുടേതാക്കാന്‍ പോന്ന മാനവികതയുടെ പ്രതീകം കൂടിയാണ് ആ കുടുംബമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. യമുനാ നദിയുടെ തീരത്തുള്ള വീര്‍ ഭൂമിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.