കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 19)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 19)

പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ അവൻ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്‌ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. യാക്കോബ് 1: 12


ഒരിക്കൽ ഒരാൾ ഒരു പൂമ്പാറ്റയുടെ കൊക്കൂൺ കാണാൻ ഇടയായി. അതിലെ കൗതുകം അദ്ദേഹത്തെ അതിനെ നിരീക്ഷിക്കുന്നതിലേക്ക് നയിച്ചു. ഒരുനാൾ കൊക്കൂണിൽ ഒരു ചെറിയ സുഷിരം കാണപ്പെട്ടു. അദ്ദേഹം കൗതുകപൂർവ്വം അത് നിരീക്ഷിച്ചു. അപ്പോൾ അതാ പൂമ്പാറ്റ വളരെ പണിപ്പെട്ട് ആ ചെറിയ സുഷിരത്തിലൂടെ പതിയെ, പതിയെ പുറത്തേയ്‌ക്ക്‌ വരുന്നു. അദ്ദേഹം നിരീക്ഷണം തുടർന്നു. ഒരുഘട്ടമെത്തിയപ്പോൾ അതാ പൂമ്പാറ്റ പുറത്തേക്കുവരാനാകാത്തപോലെ നിൽപ്പായി. സഹതാപം തോന്നിയ അദ്ദേഹം ഒരു കത്രിക എടുത്ത് പൂമ്പാറ്റയെ മോചിപ്പിച്ചു. പൂമ്പാറ്റ ബുദ്ധിമുട്ടില്ലാതെ പുറത്തെത്തി. പക്ഷെ അതിന്റെ ശരീരം വീർത്തതും, ചുക്കിച്ചുളിഞ്ഞതുമായ് കാണപ്പെട്ടു.അയാൾ നിരീക്ഷണം തുടർന്നു. ഇപ്പോൾത്തന്നെ അത് ചിറകുവിരിച്ചു പറക്കും എന്നുകരുതി അയാൾ ഇരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. തന്റെ ശിഷ്ടകാലം ആ ശലഭം പറക്കാനാവാതെ കഴിയേണ്ടിവന്നു.

ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ ഒരോരുത്തരുടെയും ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ എത്രമാത്രം പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്ന് ഈ സംഭവം നമ്മുക്ക് കാണിച്ചുതരുന്നു. ശലഭത്തിന്റെ ആ സംഘർഷമായിരുന്നു അതിന്റെ ചിറകുകൾക്ക് ജീവൻ നൽകിയിരുന്നത്. ആ പ്രതിഭാസം ഇല്ലാതെ വന്നപ്പോൾ ശലഭത്തിന് പൂർണ്ണത നേടാനായില്ല.

മാതാപിതാക്കൾക്ക് മക്കളെപ്രതിയുള്ള വ്യാകുലത മക്കളെ കുഞ്ഞിലെ മുതൽ ഒരു കഷ്ടപ്പാടും അറിയിക്കാതെ വളർത്തുന്നതിലാണ് . ഇതിനാൽ മക്കളും തങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വയം നേരിടാൻ കഴിയാതെ സഹായത്തിനായ് ഓടുന്നു. ഈ പ്രവണത കുട്ടികളെ അവരുടെ ജീവിതവഴിയിൽ കാര്യപ്രാപ്തി കുറഞ്ഞവരാക്കുന്നു. കുട്ടികൾ അവരുടെ പ്രശ്നങ്ങൾ അവരുടേതായ രീതിയിൽ നേരിടാൻ പഠിക്കണം. അതിന് ലോകപരിചയം സഹായകമാകും. വായനയിലൂടെയും, നിരീക്ഷണത്തിലൂടെയും മറ്റുള്ളവരുടെ അനുഭവങ്ങൾ മനസിലാക്കണം. മാതാപിതാക്കളുടെ ഉപദേശവും തേടാം. എല്ലാം മറ്റുള്ളവർ ചെയ്തുതരട്ടെ എന്ന മനോഭാവം മാറ്റണം. എങ്കിലേ കാര്യപ്രാപ്തി ഉള്ളവരായി നിങ്ങൾ മാറുകയുള്ളൂ.

നമ്മുടെ ജീവിതത്തിലെ സംഘർഷങ്ങൾ നമ്മളെ ഉത്തമ വ്യക്തികളായ് മാറ്റുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. മഹാൻമാരുടെ ജീവിതത്തിലൂടെ കടന്നു പോയാൽ നമ്മുക്ക് കാണാം അവരെല്ലാം തങ്ങളുടെ ജീവിതത്തിൽ എത്തപ്പെട്ട പ്രശ്നങ്ങളെ വിജയപ്രദമായ് നേരിട്ടവരാണെന്ന്. ജീവിതത്തിലെ പ്രശ്നങ്ങളെ നമ്മുക്ക് പ്രതിബന്ധങ്ങളായ് കാണാതെ നമ്മുടെ ജീവിതത്തിന്റെ പൂർണ്ണതയിലേക്കുള്ള മൈൽക്കുറ്റികളായ് കാണാം.

കർത്താവിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. സുഭാഷിതങ്ങൾ 3: 5-6


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.