നിരാശയില്‍ വിഷമിക്കുന്നവരുടെ മധ്യസ്ഥയായ കാസിയായിലെ വിശുദ്ധ റീത്ത

നിരാശയില്‍ വിഷമിക്കുന്നവരുടെ മധ്യസ്ഥയായ കാസിയായിലെ വിശുദ്ധ റീത്ത

അനുദിന വിശുദ്ധര്‍ - മെയ് 22

റ്റലിയിലെ സ്‌പോളെറ്റോയ്ക്ക് സമീപം റോക്കാപൊരേനയിലെ കാസിയായില്‍ വയോധികരായ ദമ്പതികളുടെ ഏക മകളായി 1381 ലാണ് മര്‍ഗരീത്ത എന്ന റീത്ത ജനിച്ചത്. അമ്പ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു മാതാപിതാക്കള്‍. യേശുക്രിസ്തുവിന്റെ സമാധാന പാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്.

സന്യാസ ജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ പ്രകടമാക്കിയിരുന്ന റീത്ത അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാപിതാക്കളുടെ ഇഷ്ടം പരിഗണിച്ച് പന്ത്രണ്ടാമത്തെ വയസില്‍ വിവാഹിതയായി.

ക്രൂരനും നീചനുമായ ഒരാളായിരുന്നു ഭര്‍ത്താവ്. അവള്‍ മൂന്ന് പ്രാവശ്യം അഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. പക്ഷേ 1413 ല്‍ റീത്തയുടെ വിശ്വാസവും നിര്‍ബന്ധവും മൂലം അവളെ മഠത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു.

സന്യാസവൃതം സ്വീകരിച്ചതോടെ റീത്ത വളരെ കര്‍ക്കശമായ ജീവിത രീതികള്‍ പാലിക്കുവാന്‍ തുടങ്ങി. അനുതാപത്താലും മറ്റുള്ളവരോടുള്ള ശ്രദ്ധകൊണ്ടും അവള്‍ സകലരുടേയും പ്രീതിക്ക് പാത്രമായി. അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ അസുഖ ബാധിതരാകുമ്പോള്‍ വിശുദ്ധയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മാത്രമല്ല വിശ്വാസം ഉപേക്ഷിച്ച ക്രൈസ്തവരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനും റീത്ത വളരെയധികം കഷ്ടപ്പെട്ടു.

ഒരിക്കല്‍ അവള്‍ വിശുദ്ധ ജെയിംസ് ഡെല്ലാ മാര്‍ക്കായുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. മുള്‍കീരീടത്തെ കുറിച്ചായിരുന്നു ആ പ്രഭാഷണം. അതിനു ശേഷം അവള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് തന്റെ നെറ്റിയില്‍ മുള്ള് കുത്തിയിറങ്ങുന്നത് പോലയുള്ള ഒരു വേദന തോന്നി. വേദനയനുഭവപ്പെട്ട സ്ഥലം പിന്നീട് ഒരു മുറിവായി രൂപാന്തരപ്പെട്ടു. അവളെ മറ്റുള്ള കന്യാസ്ത്രീകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ തക്കവിധം വൃത്തിഹീനമായിരുന്നു ആ മുറിവ്.

1450 ല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ട സമയമായപ്പോഴേക്കും മുറിവ് ഉണങ്ങി. പക്ഷേ, തിരിച്ചെത്തിയ ഉടന്‍ തന്നെ ആ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 1457 മെയ് 22ന് ശക്തമായ ക്ഷയരോഗത്തെ തുടര്‍ന്ന് ഇറ്റലിയിലെ ഉംബ്രിയായിലുള്ള കാസിയായില്‍ വെച്ച് റീത്ത ദൈവ സന്നിധിയിലേക്ക് യാത്രയായി. 1900 ല്‍ വിശുദ്ധയാക്കപ്പെടുകയും ചെയ്തു.

മരണപ്പെട്ടതിനു ശേഷം നിരവധി അത്ഭുതങ്ങള്‍ വിശുദ്ധയുടെ പേരില്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ റീത്തയുടെ മരണത്തിന് 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളുടെ ജീവചരിത്രം എഴുതപ്പെടുന്നത്. അതിനാല്‍ റീത്തയുടെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്‍ പൂര്‍ണമല്ല.

വിശുദ്ധയെ പലപ്പോഴും ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു അഗസ്റ്റീനിയന്‍ സന്യാസിനിയായും തലയില്‍ ചൂടിയിരിക്കുന്ന മുള്‍കിരീടത്തിലെ ഒരു മുള്ള് വിശുദ്ധയുടെ നെറ്റിയില്‍ മുറിവേല്‍പ്പിക്കുന്നതായും മറ്റ് ചിലപ്പോള്‍ പരിശുദ്ധ കന്യകയില്‍ നിന്നും റോസാപൂക്കളുടെ കിരീടം സ്വീകരിക്കുന്നതായും വിശുദ്ധരുടെ കയ്യില്‍ നിന്നും മുള്‍കിരീടം സ്വീകരിക്കുന്നതുമൊക്കെയായി ചിത്രീകരിച്ച് കണ്ടിട്ടുണ്ട്.

നിരാശാജനകമായ അവസരങ്ങളില്‍ വിഷമിക്കുന്നവരുടേയും മാതൃ, പിതൃത്വത്തിന്റേയും വന്ധ്യത അനുഭവിക്കുന്നവരുടെയും മധ്യസ്ഥയായി വിശുദ്ധയെ പരിഗണിച്ചു വരുന്നു. സ്‌പെയിനില്‍ വിശുദ്ധ അറിയപ്പെടുന്നത് ''ലാ അബോഗഡാ ഡെ ഇമ്പോസിബിള്‍സ്'' അഥവാ ആശയറ്റവരുടെ പ്രത്യേകിച്ച,് മാതൃത്വപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മാധ്യസ്ഥയെന്നാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സൈനികനായ ബോമ്പോ

2. ഐറിഷുകാരനായ ബോയെത്തിയാന്‍

3. ആങ്കുളെന്‍ ബിഷപ്പായ ഔസോണിയൂസ്

4. ആഫ്രിക്കന്‍ രക്തസാക്ഷികളായ കാസ്തൂസും എമിലിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.