ഒക്ലഹോമ: പിതാവുമൊത്ത് ബാസ്‌ക്കറ്റ് ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്ന 15 വയസുള്ള പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ എട്ടു പേരെ ഒക്ലഹോമ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു സംഭവം. ഒക്ലഹോമയിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററില്‍ ഡാളസ് മാവെറിക്സ് ടീമിന്റെ ബാസ്‌ക്കറ്റ് ബോള്‍ മത്സരം കാണുന്നതിനിടെ പിതാവിനോട് അനുവാദം വാങ്ങി ബാത്ത്റൂമിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ഏറെ നേരമായി മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് പിതാവ് സെന്ററിലെ സുരക്ഷാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. താമസിക്കുന്ന സ്ഥലത്തെ സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചു. വീട് സ്ഥിതി ചെയ്യുന്ന ടെക്‌സാസ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവം നടന്ന സ്ഥലത്തെ സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് വീണ്ടും മടക്കി അയച്ചു. രണ്ട് സ്റ്റേഷനിലും പലതവണ പരാതി നല്‍കിയിട്ടും കേസ് രജിസ്്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നെന്ന് പിതാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു.
പിന്നീട് കുടുംബ അഭിഭാഷകന്‍ ഫോര്‍ട്ടന്‍ബെറി ഫേമിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒക്ലഹോമ സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിച്ച് പത്താം ദിവസം ഒക്ലഹോമ സിറ്റിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ശാരീരികമായി പീഡിപ്പിച്ചതിന്റെ മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും മാനസിക നില താളം തെറ്റിയെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ സാനിയ അലക്‌സാണ്ടര്‍, മെലിസ വീലര്‍, ഷെവോണ്‍ ഗിബ്‌സണ്‍, കെന്നത്ത് നെല്‍സണ്‍, സാറാ ഹെയ്‌സ്, കാരെന്‍ ഗോണ്‍സാലെസ്, താലിയ ഗിബ്‌സണ്‍, സ്റ്റീവന്‍ ഹില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാനുള്ള വാഗ്ദാനം ചെയ്തതിന് ഗിബ്‌സണെതിരെയും നെല്‍സണ്‍, ഹെയ്‌സ്, ഗോണ്‍സാലെസ് എന്നിവര്‍ക്കെതിരെ മനുഷ്യക്കടത്തിനും കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും കുറ്റം ചുമത്തി. സ്റ്റീവന്‍ ഹില്ലിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് ഗിബ്‌സണും അലക്‌സാണ്ടറിനും എതിരെ കേസെടുത്തിരിക്കുന്നത്. കവര്‍ച്ച നടത്തിയതിനാണ് മെലിസ വീലറിന്റെ അറസ്റ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.