കളിക്കാന്‍ നല്‍കിയ ഫോണില്‍ നിന്ന് രണ്ട് വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 31 ബര്‍ഗറുകള്‍; ഇരുന്ന ഇരുപ്പില്‍ 91.70 ഡോളര്‍ കൈയ്യില്‍ നിന്ന് പോയി 'കണ്ണു തള്ളി' അമ്മ

കളിക്കാന്‍ നല്‍കിയ ഫോണില്‍ നിന്ന് രണ്ട് വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 31 ബര്‍ഗറുകള്‍; ഇരുന്ന ഇരുപ്പില്‍ 91.70 ഡോളര്‍ കൈയ്യില്‍ നിന്ന് പോയി 'കണ്ണു തള്ളി' അമ്മ

ടെക്‌സാസ്: കളിക്കാന്‍ നല്‍കിയ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ടു വയസുകാരന്‍ അബദ്ധത്തില്‍ 31 ചീസ്ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്ത കാരണം അമ്മയ്ക്ക് നഷ്ടമായത് 91.70 ഡോളര്‍. തിങ്കളാഴ്ച്ച അമേരിക്കയിലെ ടെക്‌സാസിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്.

ടെക്‌സാസിലെ ഒരു സ്‌കൂളിലെ മീഡിയ മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്ന കെല്‍സി ഗോള്‍ഡന്‍ എന്ന വീട്ടമ്മ തന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ സ്‌കൂളിന്റെ വാര്‍ഷിക ഇയര്‍ബുക്കിന്റെ ജോലി തിരക്കിലായിരുന്നു. കെല്‍സിയുടെ രണ്ടു വയസുള്ള മകന്‍ ബാരറ്റ് ഈ സമയം അവളുടെ മൊബൈല്‍ ഫോണ്‍ എടുത്തു കളിച്ചുകൊണ്ടിരുന്നു. പതിവായി ചെയ്യുന്നതായതിനാല്‍ കെല്‍സി അതു കാര്യമാക്കിയില്ല.

ഫോണിലെ ക്യാമറ ഫീച്ചര്‍ ബാരറ്റിന് ഇഷ്ടമാണ്. ഫോണ്‍ കൈയ്യില്‍ കിട്ടിയാല്‍ ആദ്യം ക്യാമറ ഓണ്‍ ചെയ്ത് സ്വന്തം ചിത്രം പകര്‍ത്തി അതു നോക്കി ആസ്വദിക്കുകയാണ് ബാരറ്റിന്റെ പതിവ്. അതു മടുത്തു കഴിയുമ്പോള്‍ ഗയിം കളിക്കുന്നതിലേക്ക് തിരിയും. ഇത്തവണ പക്ഷെ ഇതൊന്നുമല്ല നടന്നത്. ഗയിം കളിക്കുന്നതിന് അവന്‍ ഒട്ടും താല്‍പര്യം കണിച്ചില്ല. പകരം ഫോണില്‍ വെറുതെ കൈ ചലിപ്പിച്ചുകൊണ്ടിരുന്നു.



അധികം വൈകിയില്ല കെല്‍സിയുടെ ഫോണിലേക്ക് മക്‌ഡൊണാഡ്‌സില്‍ നിന്ന് ഒരു മെസേജ് വന്നു. ഡോര്‍ഡാഷ് ഓര്‍ഡര്‍ പതിവിലും കൂടുതല്‍ സമയമെടുക്കുമെന്നായിരുന്നു ആ സന്ദേശം. കെല്‍സിക്ക് ഒന്നും മനസിലായില്ല. 'അതിനു താനെപ്പോഴാണ് ഓര്‍ഡര്‍ ചെയ്തത്' എന്ന ചിന്തയിലായി കെല്‍സി.

'തന്റെ മൂത്ത രണ്ട് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഉച്ചഭക്ഷണം പുറത്ത് നിന്നാണ് ഓര്‍ഡര്‍ ചെയ്തത്. അതു രാവിലെ തന്നെ കിട്ടിയിരുന്നു. താന്‍ തന്നെയാണ് ഭക്ഷണം പായ്ക്ക് ചെയ്തു കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തയച്ചത്. പിന്നെ വൈകുമെന്ന് പറഞ്ഞത് ഏത് ഓര്‍ഡര്‍ ആണ്' എന്ന ചിന്തയിലായി കെല്‍സി.

മകന്‍ ബാരറ്റിനൊപ്പം വീട്ടുമുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കെ ഒരു കാര്‍ ഗയിറ്റ് കടന്ന് വരുന്നത് കണ്ടു. കാറില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ ഭീമാകാരമായ ഒരു കവര്‍ പുറത്തെടുത്തു. അതില്‍ 31 ചീസ് ബര്‍ഗറുകളാണ് ഉണ്ടായിരുന്നത്. താന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ നല്‍കിയല്ലെന്നും മാത്രമല്ല ചീസ് ബര്‍ഗര്‍ ഇവിടെയാരും കഴിക്കാറില്ലെന്നും പറഞ്ഞെങ്കിലും ഡെലിവറി ബോയി ഓര്‍ഡര്‍ തിരികെ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല ഈ അഡ്രസില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തതിന്റെ തെളിവും കാണിച്ചു.



കെല്‍സി തിരികെ പോയി ബാരറ്റിന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഫോണില്‍ നിന്ന് 31 ചീസ് ബര്‍ഗറിന്റെ ഓര്‍ഡര്‍ മക്‌ഡോണാഡ്‌സിലേക്ക് പോയതായി ബോധ്യപ്പെട്ടത്. രണ്ടു വയസുകാരന്‍ മകന്‍ ബാരറ്റ് തന്നയാണ് ഓര്‍ഡര്‍ ചെയ്തതെന്ന് വിശ്വാസിക്കാന്‍ അല്‍പ സമയം വേണ്ടിവന്നു കെല്‍സിക്ക്. ഒടുവില്‍ ഡെലിവറി ചാര്‍ജ് ഉള്‍പ്പടെ 91.70 ഡോളര്‍ നല്‍കി ബര്‍ഗര്‍ വാങ്ങി.

ചീസ് ബര്‍ഗര്‍ വീട്ടില്‍ ആരും കഴിക്കില്ലാത്തതിനാല്‍ അത് എന്തുചെയ്യുമെന്ന ചിന്തയിലായി പിന്നീട് കെല്‍സി. ഒടുവില്‍ തന്റെ ഫേസ്ബുക്കിലൂടെ ചീസ് ബര്‍ഗര്‍ സൗജന്യമായി നല്‍കുന്നു എന്ന പരസ്യം നല്‍കേണ്ടിവന്നതു. മെസേജ് പോസ്റ്റ് ചെയ്തതും മിനിറ്റുകള്‍ക്കകം ആളുകള്‍ എത്തി. ഗര്‍ഭിണിയായ ഒരു സ്ത്രീ എത്തിയപ്പോഴേക്കും അവര്‍ ആവശ്യപ്പെട്ട ആറ് ബര്‍ഗര്‍ കൊടുക്കാന്‍ ബാക്കി ഉണ്ടായിരുന്നില്ല.

ശേഷിച്ച മുഴുവന്‍ ബര്‍ഗറും അവര്‍ക്ക് നല്‍കി ആശ്വാസത്തോടെ ഇരിക്കുമ്പോള്‍ കെല്‍സി ഒരു പാഠം ഇതില്‍ നിന്ന് പഠിച്ചിരുന്നു. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കളിക്കാന്‍ നല്‍കരുത് എന്ന പാഠം...



എന്നാല്‍ സംഭവം അമേരിക്കയിലെ മാധ്യമങ്ങളെല്ലാം ഏറ്റെടുത്തു. ബര്‍ഗര്‍ കഴിച്ചുകൊണ്ടിരിക്കുന്ന ബാരറ്റിന്റെ ഓമനത്തം നിറഞ്ഞ ചിത്രം വൈറല്‍ ആയതോടെ കെല്‍സിയ്ക്കും മകന്‍ ബാരറ്റിനും മക്‌ഡോണാള്‍ഡ്‌സില്‍ നിന്ന് ക്ഷണം വന്നു. മക്‌ഡോണാള്‍ഡ്‌സിന്റെ കമ്പനി സന്ദര്‍ശിക്കാനുള്ള ക്ഷണമായിരുന്നു അത്.

മക്‌ഡോണാള്‍ഡ്‌സിലെത്തിയ അമ്മയെയും മകനെയും സ്ഥാപന മേധാവികള്‍ ഊഷ്മളമായി സ്വീകരിച്ചു. കമ്പനിയുടെ ചിത്രങ്ങളും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളുമൊക്കെ കാണിച്ചു. അമ്മയുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ബാരറ്റിന്റെ ഇഷ്ടഭക്ഷണമായ ചിക്കന്‍ നഗറ്റുകള്‍ മക്‌ഡോണാള്‍ഡ്‌സിലെ ജീവനക്കാര്‍ നല്‍കി. അതുവാങ്ങി കഴിച്ചുകൊണ്ട് അവന്‍ അവിടെയൊക്കെ ഓടി കളിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.