ഷിക്കാഗോ: യുഎസിലെ മലയാളി സംഘടനകയായ, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ആദ്യ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണം പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി.
ജൂണ്‍ ഒന്നിനു ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയിലാണ് സംസ്‌കാരം നടക്കുക. മെയ് 31 ന് മറിയാമ്മ പിള്ളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാര്‍ത്തോമ്മാ പള്ളി ഹാളില്‍ പ്രാദേശിക സമയം മൂന്നു മുതല്‍ എട്ടു മണി വരെയാണ് പൊതുദര്‍ശനത്തിനുള്ള സമയം. ജൂണ്‍ ഒന്നിന് രാവിലെ 9.45 മുതല്‍ 10.30 വരെയും അന്തിമോപചാരം അര്‍പ്പിക്കാം. 10.30 മുതല്‍ 11.30 വരെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മുക്കൂട്ടുതറ കണ്ണാത്ത് കുടുംബാംഗമായ മറിയാമ്മ പിള്ള വെച്ചൂച്ചിറ കുന്നം മാടവന വീട്ടില്‍ ചന്ദ്രശേഖരപിള്ളയുടെ ഭാര്യയാണ്. ഫൊക്കാന കമ്മിറ്റി അംഗം, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. മക്കള്‍: രാജ് പിള്ള, റോഷ്‌നി പിള്ള, മരുമക്കള്‍: മലീസ രാജേഷ്, ഭായി.
മലയാളികളുടെ യുഎസിലേക്കുള്ള പ്രവാസ ജീവിതത്തിന് വേഗം വയ്ക്കും മുമ്പാണ് മറിയാമ്മ ഷിക്കാഗോയില്‍ എത്തുന്നത്. തുടര്‍ന്നു 10 നഴ്സിങ് ഹോമുകളുടെ നടത്തിപ്പ് ചുമതല ലഭിച്ചു. ജോലിക്കൊപ്പം തന്നെ മലയാളികളെ ഒന്നിപ്പിച്ചു കൊണ്ടു പോകുന്നതിലും അവര്‍ വലിയ പങ്കുവഹിച്ചു.
ഇക്കാലത്തു മലയാളികള്‍ക്ക് സഹായം എത്തിക്കാനായി രൂപീകരിച്ച പ്രാദേശിക മലയാളി അസോസിയേഷനിലൂടെയാണു പൊതുപ്രവര്‍ത്തന തുടക്കം. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളിലും ആഘോഷങ്ങളിലും മുന്നില്‍ നിന്ന വ്യക്തിത്വമായിരുന്നു മറിയാമ്മയുടേതെന്ന് പ്രവാസികള്‍ അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.