ഭക്തനും യുദ്ധ വീരനുമായിരുന്ന വിശുദ്ധ ഫെര്‍ഡിനന്റ് മൂന്നാമന്‍ രാജാവ്

ഭക്തനും യുദ്ധ വീരനുമായിരുന്ന വിശുദ്ധ ഫെര്‍ഡിനന്റ് മൂന്നാമന്‍ രാജാവ്

അനുദിന വിശുദ്ധര്‍ - മെയ് 30

ഫ്രാന്‍സിലെ വിശുദ്ധ ലൂയി രാജാവിന്റെ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹോദരി ബെറാങ്കേരയുടെയും ലിയോണിലെ രാജാവായിരുന്ന അല്‍ഫോന്‍സസിന്റേയും മൂത്തമകനായി 1198 ലാണ് ഫെര്‍ഡിനന്റ് ജനിച്ചത്. 1217 ജൂണ്‍ ആറിന് പത്തൊമ്പതാം വയസില്‍ ഫെര്‍ഡിനന്റ് പലെന്‍സിയാ, ബൂര്‍ഗോസ്, വില്ലഡോലിസ് എന്നീ പ്രദേശങ്ങളുടെ രാജാവായി.

ചതിയനും കൗശലക്കാരനുമായിരുന്ന ഡോണ്‍ അല്‍വാരെസ് എന്ന പ്രഭു രാജ്യത്ത് കുഴപ്പങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമായപ്പോള്‍ ഫെര്‍ഡിനന്റ് വിവേകവും ധൈര്യവും തന്റെ മാതാവിന്റെ ഉപദേശങ്ങളും കൊണ്ട് അതിനെയെല്ലാം മറികടന്നു.

മാതാവിന്റെ ഇഷ്ടപ്രകാരം അദ്ദേഹം 1219 ല്‍ ജര്‍മ്മനിയിലെ ചക്രവര്‍ത്തിയായിരുന്ന സോബിയായിലെ ഫിലിപ്പിന്റെ മകളായിരുന്ന ബിയാട്രിക്‌സിനെ തന്റെ ഭാര്യയായി സ്വീകരിച്ചു. വളരെ സന്തോഷകരമായ ഈ ദാമ്പത്യത്തില്‍ അവര്‍ക്ക് ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ജനിച്ചു.

ഭരണത്തിലും നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വളരെ കര്‍ക്കശക്കാരനായിരുന്ന രാജാവ് നീതി നടപ്പാക്കുന്നതിനായി റോയല്‍ കൗണ്‍സില്‍ ഓഫ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന കോടതി സ്ഥാപിക്കുകയും ഏറ്റവും സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഒരു വ്യക്തമായ നിയമ സംഹിതക്ക് രൂപം നല്‍കുകയും ചെയ്തു.

പിതാവായ അല്‍ഫോന്‍സസ് രാജാവ് തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവകാശമുന്നയിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും ഫെര്‍ഡിനന്റ് അവയെല്ലാം സമചിത്തതയോടെ നേരിടുകയും മൂറുകള്‍ക്കെതിരായ യുദ്ധത്തില്‍ പിതാവിനെ സഹായിക്കുവാനായി സൈന്യത്തെ അയക്കുകയും ചെയ്തു. യുദ്ധത്തില്‍ കഴിവതും ആയുധ പ്രയോഗം ഒഴിവാക്കുവാനായി അദ്ദേഹം ശ്രമിച്ചിരുന്നു.

നിരവധി ആത്മീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അനേകം കത്തീഡ്രലുകള്‍, ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി പണിയുകയും ചെയ്തു. 1225 ല്‍ ബായിസാ ആക്രമിച്ചു കൊണ്ട് ഫെര്‍ഡിനന്റ് മൂറുകള്‍ക്കെതിരായ തന്റെ ആദ്യത്തെ ആക്രമണത്തിന് തുടക്കം കുറിച്ചു.

പിറ്റേ വര്‍ഷം ആഫ്രിക്കന്‍ വംശജനും രാജാവുമായിരുന്ന ആബെന്‍ മാഹോമെറ്റ് തന്റെ അധികാര പ്രദേശങ്ങള്‍ ഫെര്‍ഡിനന്റിനു അടിയറവെക്കുകയും അദ്ദേഹത്തിന്റെ അധീശത്വം അംഗീകരിക്കുകയും ചെയ്തു.

1230 ല്‍ ഫെര്‍ഡിനാന്റ് കൊര്‍ദോവയിലേയും ആന്‍ഡലൂഷ്യയിലേയും ഇരുപതോളം പ്രദേശങ്ങള്‍ തന്റെ അധീനതയിലാക്കി. ഇതിനിടെ തങ്ങളുടെ ശത്രു മതത്തില്‍പ്പെട്ട ഫെര്‍ഡിനന്റിനെ സഹായിച്ചുവെന്ന കാരണത്താല്‍ ആബെന്‍ മാഹോമെറ്റ് കൊല്ലപ്പെട്ടു. ഈ അവസരം മുതലെടുത്ത് അദ്ദേഹം ബായിസാ ആക്രമിക്കുകയും അവിടെ മെത്രാന്റെ ഒരു കാര്യാലയം സ്ഥാപിക്കുകയും ചെയ്തു.

തന്റെ സൈനികര്‍ക്കിടയില്‍ ദൈവഭക്തിയുടെ ഒരു ഉത്തമ മാതൃകയായിരുന്ന അദ്ദേഹം കഠിനമായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു പരുക്കന്‍ രോമക്കുപ്പായമായിരുന്നു ധരിച്ചിരുന്നത്. മൂറുകളില്‍ നിന്നും പിടിച്ചടക്കിയ നിരവധി പ്രദേശങ്ങള്‍ അദ്ദേഹം സന്യാസ സഭകള്‍ക്കും ടോള്‍ഡോ അതിരൂപതയ്ക്കും നല്‍കി.

1230 ല്‍ ജായിന്‍ ആക്രമിക്കുവാന്‍ പോകുന്നതിനിടെയാണ് തന്റെ പിതാവിന്റെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് മാതാവിന്റെ ആവശ്യ പ്രകാരം പിതാവിന്റെ രാജ്യമായ ലിയോണും ഫെര്‍ഡിനന്റ് തന്റെ അധീനതയിലാക്കി. 1234 ല്‍ ഉബേദാ ആക്രമിച്ചുകൊണ്ട് മൂറുകള്‍ക്കെതിരെയുള്ള തന്റെ യുദ്ധം പുനരാരംഭിച്ചു.

ഇക്കാലയളവില്‍ തന്റെ മകനായിരുന്ന അല്‍ഫോണ്‍സസ് 1500 ഓളം വരുന്ന സൈനികരെ കൊണ്ട് സെവില്ലേയിലേ രാജാവായിരുന്ന അബെന്‍ഹട്ടിന്റെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. അപ്പസ്‌തോലനായിരുന്ന യാക്കോബ് ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികളെ സഹായിച്ചതായി പറയപ്പെടുന്നു. 1236 ന്റെ തുടക്കത്തില്‍ ഫെര്‍ഡിനന്റിന്റെ ഭാര്യ ബിയാട്രിക്‌സ് മരണമടഞ്ഞു.

തന്റെ പ്രിയതമയുടെ വേര്‍പാടിന്റെ ദുഖത്തില്‍ നിന്നും മോചിതനായ ശേഷം അദ്ദേഹം കൊര്‍ദോവയും ബായിസായും പൂര്‍ണമായും തന്റെ അധീനതയിലാക്കുകയും അവിടത്തെ ഒരു വലിയ മുസ്ലിം പള്ളി ശുദ്ധീകരിച്ചു മാതാവിന്റെ നാമധേയത്തില്‍ ഒരു ക്രിസ്തീയ ദേവാലയമാക്കി മാറ്റുകയും ചെയ്തു. തന്റെ മാതൃ സഹോദരിയായിരുന്ന ബ്ലാഞ്ചേയുടെ ഉപദേശത്തില്‍ ഫ്രാന്‍സിലെ രാജകുമാരിയായ ഡോവാഗറിനെ ഫെര്‍ഡിനന്റ് തന്റെ രണ്ടാം ഭാര്യയായി സ്വീകരിച്ചു.

ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഇതിനിടയില്‍ നിരവധി ചെറു രാജ്യങ്ങളും ഫെര്‍ഡിനന്റിന്റെ അധീശത്വം സ്വീകരിച്ചു. ഫെര്‍ഡിനന്റിന്റെ ആത്മീയ ഗുരുവായിരുന്ന റോഡ്രിഗസ് മെത്രാപ്പോലീത്തയുടെയും തന്റെ മാതാവിന്റെയും മരണം അദ്ദേഹത്തെ വളരെയധികം തളര്‍ത്തിയെങ്കിലും തന്റെ സൈനിക നീക്കങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. സ്‌പെയിനില്‍ മൂറുകളുടെ ഏറ്റവും പ്രധാനപ്പെട്ടതും സമ്പന്ന രാജ്യവുമായ സെവില്ലേയിലേക്ക് പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു.

നീണ്ട പതിനൊന്ന് മാസത്തെ ഉപരോധത്തിനു ശേഷം 1249 നവംബര്‍ 23 ന് അതിശക്തമായ സേവില്ലേ കീഴടക്കി. ശേഷിച്ച മൂന്ന് വര്‍ഷം അദ്ദേഹം സെവില്ലേയിലാണ് ചിലവഴിച്ചത്. ഇതിനിടയില്‍ നിരവധി പ്രദേശങ്ങള്‍ അധീനതയിലാക്കി. നിരന്തര ഭക്തനായ ഒരു രാജാവിന്റെയും ക്രിസ്ത്യന്‍ പടയാളിയുടെയും ഉത്തമ ഉദാഹരണമായിരുന്നു ഫെര്‍ഡിനന്റ്.

ആഫ്രിക്കയിലെ മൂറുകളെ ആക്രമിക്കുവാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ അദ്ദേഹം രോഗ ബാധിതനാവുകയും കുമ്പസാരവും മറ്റ് കൂദാശകളും വഴി തന്റെ മരണത്തെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. 1252 മെയ് 30 ന് അമ്പത്തിനാലാം വയസില്‍ അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഫെര്‍ഡിനന്റിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തെ സേവില്ലേയിലെ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തിന് താഴെയാണ് അടക്കം ചെയ്തത്. 1671 ല്‍ ക്ലെമന്റ് പത്താമന്‍ പാപ്പായാണ് ഫെര്‍ഡിനന്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബാസില്‍, എമ്മേലിയ

2. ഫെലിക്‌സ് പ്രഥമന്‍ പാപ്പാ

3. പാവിയാ ബിഷപ്പായ അനസ്റ്റാസിയൂസ്

4. റവേന്നാ ബിഷപ്പായ എക്‌സുപെരാന്‍സിയൂസ്

5.സര്‍ഡീനിയായിലെ ഗബിനൂസും ക്രിസ്പുളൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.