മങ്കിപോക്‌സ്: രോഗികള്‍ക്ക് ഐസൊലേഷന്‍, സമ്പര്‍ക്കമായാല്‍ 21 ദിവസം നിരീക്ഷണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം

മങ്കിപോക്‌സ്: രോഗികള്‍ക്ക് ഐസൊലേഷന്‍, സമ്പര്‍ക്കമായാല്‍ 21 ദിവസം നിരീക്ഷണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: കുരങ്ങ് പനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം.

വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും സംസ്ഥാനങ്ങള്‍ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി. ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ മന്ത്രാലയം ജാഗ്രത കടുപ്പിച്ചത്.

ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിള്‍ പരിശോധിക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ആശുപത്രികള്‍ക്ക് നല്‍കിയത്. രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍ നേരത്തെ അറിയിച്ചിരുന്നു.

കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആര്‍ ഗവേഷക ഡോ. അപര്‍ണ മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്ന് ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്ത് രോഗബാധ ഉണ്ടായാല്‍ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

കുരങ്ങ് പനി അഥവാ മങ്കി പോക്‌സ്, സ്മാള്‍ പോക്‌സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്‌സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ വന്യ മൃഗങ്ങളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത്.

രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍. അസുഖം വന്നാല്‍ ശരീരമാകെ കുരുക്കള്‍ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടന്‍ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

എങ്ങനെ പ്രതിരോധിക്കാം...

1. കുരങ്ങുകളുമായി അല്ലെങ്കില്‍ മറ്റു വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കുക

2. ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാല്‍ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക

3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക

4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കുക

5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

6. ചുമയോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പര്‍ക്കം ഒഴിവാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.