തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്‌ളാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 42,90000 വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസിലെത്തും. നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആര്‍ അനില്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ മൂന്നാഴ്ചയോളം പഠന ഭാഗങ്ങളുടെ റിവിഷനായിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇത്തവണ ഉണ്ടാകും. ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം പങ്കുവയ്ക്കരുത്. ഡിജിറ്റല്‍ പഠനം സമാന്തരമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
പാഠ പുസ്തക, യൂണിഫോം വിതരണം തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം പതിനഞ്ചിനും പതിനേഴിനും ഇടയിലുള്ള 54.12% കുട്ടികള്‍ക്കും, പന്ത്രണ്ടിനും പതിനാലിനും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.