നടിയെ ആക്രമിച്ച കേസ്: ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ്: ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കാന്‍ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറന്‍സിക് ലാബില്‍ നിന്ന് വിളിച്ച്‌ വരുത്തണമെന്ന് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍.

അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടെ കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.

ദിലീപിന്റെ അനിയന്‍ അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ സീന്‍ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങള്‍ കയ്യിലില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാന്‍ ഫൊറന്‍സിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേര്‍ത്ത് വച്ച്‌ പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷന്‍.

ഇതിനിടെ കേസില്‍ അന്വേഷണം തുടരാന്‍ മൂന്നുമാസം സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ വിചാരണ കോടതിയിലെ കേസ് വ്യഴാഴ്ചത്തേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.