ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നോട്ടീസ് അയച്ചത്. 2015ല്‍ ഇഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ ആസ്തികള്‍ യങ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികള്‍ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ കേസാണിത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് സോണിയക്കെതിരെയും രാഹുലിനെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 50 ലക്ഷം രൂപ മുടക്കി നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരത്തോളം കോടിയുടെ ആസ്തികള്‍ സോണിയയും രാഹുലും കൈയ്യടക്കിയെന്നാണ് സുബ്രഹ്‌മണ്യം സാമിയുടെ ആരോപണം. 2015 ല്‍ ഇഡി കേസ് അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പൊടി തട്ടിയെടുത്തതിലൂടെ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്ത്തപ്പെട്ടിരുന്ന 'നാഷണല്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് അച്ചടി നിര്‍ത്തിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജിഹ്വയായി ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.