പ്രശസ്ത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു

പ്രശസ്ത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു

ഛണ്ഡീഗഡ്: പ്രശസ്ത സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു. 73 വയസായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കുടല്‍ ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം കഴിഞ്ഞ മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

സന്തൂര്‍ വാദകന്‍ എന്നതിലുപരി ഒരേ സമയം സംഗീതജ്ഞനും, എഴുത്തുകാരനും കവിയുമായിരുന്നു. ദിവ്യനായ സന്തൂര്‍ വാദകന്‍ (സെയിന്റ് ഒഫ് സന്തൂര്‍) എന്നും തന്ത്രികളുടെ രാജാവ് എന്നുമൊക്കെ അദ്ദേഹത്തെ സംഗീത ലോകം വിശേഷിപ്പിച്ചിരുന്നു.

സംഗീത ലോകത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തന് രാജ്യം 2004ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡ് (1992), ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് സിവിലിയന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒഡീഷ ഉത്കല്‍ സര്‍വകലാശാല അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഡോക്ടറേറ്റും നല്‍കി ആദരിച്ചു.

കാശ്മീരിലെ സോപോര്‍ താഴ്‌വരയില്‍ 1948ല്‍ ജനിച്ച അദ്ദേഹം അഞ്ചാം വയസിലാണ് സംഗീതത്തില്‍ അരങ്ങേറ്റം നടത്തിയത്. കൂടാതെ ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചു. അച്ഛനില്‍ നിന്നും മുത്തച്ഛനില്‍ നിന്നും ശാസ്ത്രീയ സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പാഠങ്ങള്‍ അഭ്യസിച്ച അദ്ദേഹം വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാശ്ചാത്യ സംഗീതവും ഹൃദിസ്ഥമാക്കി. തുടര്‍ന്ന് അവിടെ സംഗീത അധ്യാപകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.