തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കിയത്. ജൂണ്‍ മൂന്ന്, അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ജൂണ്‍ ആറ് വരെ വിവിധ ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അഞ്ചിന് പത്തനംതിട്ട, ഇടുക്കി ജില്ലയിലും ആറിന് ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ട്.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് മുതല്‍ ഈ മാസം ഒന്‍പത് വരെ തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഈ കാലയളവില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം. മറ്റുള്ള ജില്ലകളില്‍ സാധാരണയെക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയില്‍ ( ജൂണ്‍ 10-16) എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ഈ മാസം ആറ് വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും പ്രത്യേക ജാഗ്രത നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.