തൃക്കാക്കരയില്‍ ത്രിവര്‍ണ തരംഗം: 'കുറ്റി' പറിഞ്ഞ് എല്‍ഡിഎഫ്; ഉമാ തോമസിന്റെ ഭൂരിപക്ഷം 25,016

തൃക്കാക്കരയില്‍ ത്രിവര്‍ണ തരംഗം: 'കുറ്റി' പറിഞ്ഞ് എല്‍ഡിഎഫ്; ഉമാ തോമസിന്റെ ഭൂരിപക്ഷം 25,016

വോട്ടുനില: ഉമാ തോമസ്: 72,770, ഡോ.ജോ ജോസഫ്: 47, 754, എ.എന്‍ രാധാകൃഷ്ണന്‍: 12,957.

കൊച്ചി: പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസിന് റെക്കോഡ് ഭൂരിപക്ഷം. 25,016 ആണ് ഉമാ തോമസിന്റെ ഭൂരിപക്ഷം.

ആകെ പോള്‍ ചെയ്ത 1,35,320  വോട്ടില്‍ 72,770 വോട്ട് ഉമാ തോമസ് സ്വന്തമാക്കിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന് നേടാനായത് 47, 754 വോട്ടുകളാണ്.ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളാണ് ലഭിച്ചത്. 53.76 ശതമാനമാണ് ഉമയുടെ വോട്ട് വിഹിതം. ഡോ.ജോ ജോസഫ് 35.76 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എ.എന്‍ രാധാകൃഷ്ണന് നേടാനായത് 9.57 ശതമാനം വോട്ടുകള്‍ മാത്രമാണ്.

തൃക്കാക്കര മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ലഭിക്കാത്ത ഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. അന്തിമഫലം പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 25,016 എന്ന ചരിത്ര നേട്ടം കുറിച്ചു.

മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി പ്രതികരിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മഞ്ഞക്കുറ്റിയ്‌ക്കേറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഇടത് സര്‍ക്കാരിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റ പ്രതികരണം. പിണറായി വിജയന്റെ വര്‍ഗീയ പ്രീണനത്തിനെതിരെയുള്ള മുന്നറിയിപ്പാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പരാജയം അപ്രതീക്ഷിതമെന്നും ഇത്രയും കനത്ത തോല്‍വി ഒരിക്കലും പ്രതീക്ഷിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിച്ചുവെന്നാണ് കരുതുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പരാജയം ഇഴകീറി പാര്‍ട്ടി അന്വേഷിക്കും. സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം രൂപീകൃതമായ ശേഷം 2011 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്‍ നേടിയ 22,404 എന്ന റെക്കോഡ് ഭൂരിപക്ഷവും മറുകടന്നുള്ള മുന്നേറ്റമാണ് ഉമാ തോമസ് കാഴ്ച വച്ചത്. ഇത് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ള ആത്മവിശ്വാസം ഏറെയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.