പതിമൂന്നുവര്‍ഷക്കാലം നീണ്ടുനിന്ന ഭരണകാലമായിരുന്നുവെങ്കിലും തിരുസഭയുടെ അറുപത്തിയൊന്നാമത്തെ മാര്‍പ്പാപ്പയായ ജോണ്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരമിധമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അനുഭാവിയായിരുന്ന ജോണ്‍ മൂന്നാമന്‍ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനയന്റെയും അദ്ദേഹത്തിന്റെ പ്രതിനിധിയും ഇറ്റലിയുടെ എക്‌സാര്‍ക്കാമായിരുന്ന നാര്‍സെസിന്റെയും പിന്തുണയോടെയാണ് മാര്‍പ്പാപയായി ഏ.ഡി. 561 ജൂലൈ 17-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം തന്റെ നാമത്തിനു പകരം മറ്റൊരു നാമം സ്വീകരിക്കുന്ന രണ്ടാമത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. കാറ്റെലിനൂസ് എന്ന തന്റെ നാമത്തിനു പകരം ജോണ്‍ മൂന്നാമന്‍ എന്ന നാമം അദ്ദേഹം സ്വീകരിച്ചു.
ജോണ്‍ മൂന്നാമന്‍ മാര്‍പ്പാപ്പ തിരുസഭയുടെ അമരക്കാരനായി ഏഴുവര്‍ഷത്തിനുള്ളില്‍ ജര്‍മാനിക്ക് ഗോത്രവംശമായിരുന്ന ലൊംബാര്‍ഡ് ഗോത്രം ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ കൊണ്ടുവരികയും ചെയ്തു. ഈ സാഹചര്യം പെലെജിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് റോമും പാശ്ചാത്യസഭയിലെ സഭാസമൂഹങ്ങളും തമ്മില്‍ ഉടലെടുത്ത വിഭാഗിയത പരിഹരിക്കുന്നതിനും വിഘടിച്ചുനിന്ന സഭാസമൂഹങ്ങള്‍ റോമുമായും വി. പത്രോസിന്റെ സിംഹാസനവുമായി വിണ്ടും ഐക്യപ്പെടുവാനുള്ള സാഹചര്യമൊരുക്കി. ഏ.ഡി. 565-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി മരണമടഞ്ഞതിനെ തുടര്‍ന്ന് വടക്കെ ആഫ്രിക്കയിലെ സഭാസമൂഹവുമായുള്ള റോമിന്റെ ബന്ധം കൂടുതല്‍ ഊഷ്മളമായിരുന്നു. ഇതിനിടയില്‍ മിലാന്‍ നഗരം ലൊംബാര്‍ഡ് ഗോത്രവംശജര്‍ തങ്ങളുടെ അധീനതയിലാക്കിയിരുന്നു. അതിനാല്‍ രാഷ്ട്രിയപരമായി റോമുമായുള്ള ഐക്യം പുനഃസ്ഥാപിക്കുന്നതാണ് വിവേകമെന്ന് മനസ്സിലാക്കിയ മിലാന്റെ പുതിയ മെത്രാന്‍ ഏ.ഡി 573-ല്‍ റോമുമായുള്ള ഐക്യം പുനഃസ്ഥാപിച്ചു. എന്നാല്‍ പെലെജിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് റോമുമായി അനൈക്യത്തിലായ അക്വീലിയ രൂപത വീണ്ടും വി. പത്രോസിന്റെ സിംഹാസനത്തൊട് എൈക്യപ്പെടുന്നതിനായി വിസ്സമ്മതം അറിയിച്ചു.
ലൊംബാര്‍ഡ് ഗോത്രവംശജര്‍ റോമില്‍ നിന്ന് ഇറ്റലിയുടെ തെക്കേ ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ നേപ്പിള്‍സില്‍ താമസമാക്കിയിരുന്ന ഇറ്റലിയുടെ എക്‌സാര്‍ക്ക് നാര്‍സെസിനോട് റോമിലേക്ക് മടങ്ങുവാനും ലൊംബര്‍ഡ് ഗോത്രക്കാരുടെ അധിനിവേശം മൂലം സംജാതമായ പ്രതിസന്ധി പരിഹരിക്കുവാനും ജോണ്‍ മൂന്നാമന്‍ മാര്‍പ്പാപ്പ എക്‌സാര്‍ക്കിന്റെ പക്കലെത്തി ആവശ്യപ്പെട്ടു. എന്നാല്‍ ജനസമ്മതനല്ലാതിരുന്ന എക്‌സാര്‍ക്കിനെ റോമിലേക്ക് മടക്കി വിളിച്ചതില്‍ അസംതൃപ്തരായരുന്ന റോമന്‍ ജനത. മാത്രമല്ല എക്‌സാര്‍ക്കിന്റെ പൊതുജനമധ്യത്തിലുള്ള അസ്വീകര്യത മാര്‍പ്പാപ്പയുടെ ഭരണത്തെതന്നെ മലീമസമാക്കി. നാര്‍സെസും റോമന്‍ ജനതയും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതിരിക്കുന്നതിനായി ജോണ്‍ മാര്‍പ്പാപ്പ റോമാ നഗരത്തില്‍നിന്നും സ്വയം പിന്‍വലിയുകയും നാര്‍സെസിന്റെ മരണം വരെ റോമിനുവെളിയില്‍ അപ്പിയന്‍ വഴിയിലുള്ള വി. തിബുര്‍സിയൂസിന്റെയും വലേരിയന്റെയും ദേവാലയം തന്റെ ഭവനവും ഭരണസിരാകേന്ദ്രവുമായി ഉപയോഗിക്കുകയും ചെയ്തു. റോമിലേക്ക് മടങ്ങി അധികം താമസിക്കുന്നതിനു മുമ്പേതന്നെ ജോണ്‍ മൂന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 574 ജൂലൈ 13-ാം തീയതി കാലം ചെയുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യുകയും ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.