ബീജിങ്: ടിയാന്‍ഗോങ് എന്ന ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കാനായി മൂന്നംഗ സംഘത്തെ അയച്ച് ചൈന. ബഹിരാകാശയാത്രികരായ ചെന്‍ ഡോങ്, ലിയു യാങ്, കായ് സൂഷെ എന്നിവരടങ്ങുന്ന സംഘത്തെയാണയച്ചത്. ഷെന്‍ഷൂ-14 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ യാത്ര. ആറ് മാസമാണ് ഇവരുടെ ദൗത്യം.
ലോങ്മാര്‍ച്ച്- 2 എഫ് എന്ന റോക്കറ്റാണ് ഷെന്‍ഷൂ-14 പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ജിയുഖ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ എത്തിയതായി ഗ്രൗണ്ട് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിക്ഷേപണം രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്തു. ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. യാത്രാസംഘം ഗ്രൗണ്ട് ടീമുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ടിയാന്‍ഗോങ് നിലയത്തെ ദേശീയ ബഹിരാകാശ ലബോറട്ടറിയായി വികസിപ്പിക്കാനാണ് ചൈനയുടെ നീക്കം.
ബഹിരാകാശ നിലയം നിര്‍മ്മിക്കാന്‍ ചൈന അയക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ രണ്ടാമത്തെ സംഘമാണിത്. ബഹിരാകാശത്ത് ആറ് മാസം ചെലവഴിച്ച് നിലയത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ ഏപ്രിലില്‍ മൂന്നംഗ യാത്രികരുടെ ആദ്യ സംഘം തിരികെ എത്തിയിരുന്നു. സംഘത്തില്‍ ഒരു വനിതയുമുണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തികരിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍.
ഒരു രാജ്യം പൂര്‍ണമായി നിയന്ത്രിക്കുന്ന ആദ്യ ബഹിരാകാശ നിലയമായിരിക്കും ചൈനയുടെ ടിയാന്‍ഗോങ്. റഷ്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) പല രാജ്യങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഎസ്എസ് പ്രവര്‍ത്തന രഹിതമാകും. അപ്പോള്‍ നിലനില്‍ക്കുന്ന ഏക അന്താരാഷ്ട്ര ബഹിരാകാശ നിലയം ചൈനയുടേതായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.