തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇയാളെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ബണ്ടി ചോറിനെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. എന്തിനാണ് വന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
ബണ്ടി ചോറിന്റെ കൈവശം 100 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ ബണ്ടി ചോര്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി 76,000 രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞിരുന്നു. രേഖകളൊന്നുമില്ലാത്തതിനാല്‍ അവിടെ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ പോയി കിടന്നതോടെയാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ വീട്ടിലെ മോഷണത്തിലാണ് ബണ്ടി ചോറിനെ കേരള പൊലീസ് ആദ്യം പിടികൂടിയത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മോഷണം നിറുത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പക്ഷേ, ബണ്ടി വീണ്ടും കവര്‍ച്ചയ്ക്കിറങ്ങുകയും പിടിയിലാവുകയും ചെയ്തു.
വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ശേഷമാണ് പുറത്തിറങ്ങിയത്. പിന്നീട് ഇയാളെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടോടെ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ ബണ്ടി ചോര്‍ ഏറെ നേരം റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ചെലവഴിച്ചിരുന്നു. രൂപഭാവം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് ബണ്ടി ചോര്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. ഏതെങ്കിലും കവര്‍ച്ച പ്ലാന്‍ചെയ്ത് വന്നതാണോ ഇയാളെന്ന് എന്ന് പൊലീസ് സംശയിച്ചിരുന്നു.
പത്ത് മണിക്കൂറിലധികം കരുതല്‍ കസ്റ്റഡിയില്‍ വച്ചശേഷം അന്ന് പൊലീസ് വിട്ടയച്ചിരുന്നു. ഇയാള്‍ക്കെതിരെ വാറന്റുകള്‍ ഇല്ലെന്നും കേരളത്തില്‍ എത്തിയത് അഭിഭാഷകനെ കാണാനാണെന്നും വ്യക്തമായതോടെയാണ് വിട്ടയച്ചത്.
തൃശൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത രണ്ട് ബാഗ്, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടാനുണ്ട്. അതിനായി അഭിഭാഷകനായ ബി.ആര്‍ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നും ആളൂര്‍ മരിച്ചത് പിന്നീടാണ് അറിഞ്ഞതെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബണ്ടി ചോര്‍ മടങ്ങിയത്. ഒരു ബാഗ് മാത്രമാണ് കൈയില്‍ കരുതിയിരുന്നത്. ഇതില്‍ വസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ കേസുകളില്‍ ജാമ്യത്തിലാണിപ്പോള്‍ ബണ്ടി ചോര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.