'ഒന്നും കൂട്ടിപ്പറയില്ല, കുറച്ചും പറയില്ല': നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി തോമസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് ഉമ തോമസ് എംഎല്‍എ

'ഒന്നും കൂട്ടിപ്പറയില്ല, കുറച്ചും പറയില്ല': നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി തോമസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് ഉമ തോമസ് എംഎല്‍എ

'ആ സമയത്ത് പി.ടിയുടെ കാറിന്റെ നാല് വീലുകളുടെയും ബോള്‍ട്ട് അഴിച്ചു മാറ്റിയതില്‍ ഇന്നും സംശയങ്ങളുണ്ട്'.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന സമയത്ത് പി.ടി തോമസിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമ തോമസ്. അതിജീവിതയോട് ധൈര്യമായിരിക്കാനാണ് പി.ടി പറഞ്ഞത്. തന്റെ ഫോണില്‍ നിന്നാണ് അദേഹം നടിക്ക് ഐജിയെ വിളിച്ചു കൊടുത്തതെന്നും ഉമ തോമസ് വ്യക്തമാക്കി.

കേസിലെ പ്രധാന സാക്ഷിയായിരുന്നു അന്തരിച്ച മുന്‍ എംഎല്‍എ പി.ടി തോമസ്. മൊഴി കൊടുക്കേണ്ടെന്ന് ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ മൊഴി ശക്തമാക്കരുതെന്ന് പറഞ്ഞു. താന്‍ ഒന്നും കൂട്ടിപ്പറയില്ല, പക്ഷേ കുറച്ചു പറയാനും തയ്യാറല്ലെന്നായിരുന്നു പി.ടി നല്‍കിയ ഉത്തരം.

അദേഹം ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഉമ തോമസ് പറഞ്ഞു.

ആ സമയത്ത് പി.ടിയുടെ കാറിന്റെ നാല് വീലുകളുടെയും ബോള്‍ട്ട് അഴിച്ചു മാറ്റിയതില്‍ ഇന്നും സംശയങ്ങളുണ്ടെന്നും ഉമ തോമസ് പറഞ്ഞു. വധ ശ്രമമാണെന്നാണ് സംശയിക്കുന്നതെന്നും അതിജീവിതയെ മകളെപ്പോലെ കണ്ടാണ് കേസില്‍ ഇടപെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്ന രാത്രിയെക്കുറിച്ചും ഉമ തോമസ് ഓര്‍മിച്ചു. അന്ന് പി.ടി വീട്ടില്‍ വന്ന് കിടന്നതേയുള്ളൂ. പതിനൊന്നരയോടെ ഫോണ്‍ വന്നു. മുഖം വല്ലാതെയായി. ഒരിടം വരെ പോകുകയാണെന്നും പറഞ്ഞ് ഇറങ്ങി. തിരിച്ചു വന്നപ്പോഴും പി.ടി അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേയില്ലെന്നും ഉമ തോമസ് പറഞ്ഞു.

കേസില്‍ ഡിസംബര്‍ എട്ടിനാണ് വിചാരണ കോടതി വിധി പറയുക. പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമായ കേസില്‍ എട്ടര വര്‍ഷത്തിന് ശേഷമാണ് വിീധി വരുന്നത്. പത്ത് പ്രതികളുള്ള കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.