മുല്ലപ്പെരിയാര്‍: സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്നു

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്നു. തര്‍ക്ക വിഷയങ്ങള്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പതിനഞ്ചാമത് യോഗത്തിലാണ് സുപ്രീം കോടതി ഏപ്രില്‍ എട്ടിന് പുറപ്പടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നത്. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കേരളത്തിന്റെ സഹകരണം തമിഴ്നാട് സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും, അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കുമാണ് കേരളത്തിന്റെ സഹകരണം തമിഴ്നാട് ആവശ്യപ്പെട്ടത്. എന്നാല്‍ വനം വകുപ്പിന്റേത് ഉള്‍പ്പടെയുള്ള അനുമതികള്‍ ഇതിനായി ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ ഉടന്‍ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാലാണ് തര്‍ക്ക വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2021-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പരിശോധന നടത്താന്‍ ആയിരുന്നു കോടതി നിര്‍ദേശം. സുരക്ഷാ പരിശോധനയ്ക്കുള്ള പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാന്‍ മേല്‍നോട്ട സമതിയെയാണ് കോടതി ചുമതലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തിങ്കളാഴ്ചത്തെ യോഗത്തില്‍ നടന്നു.

കാലവര്‍ഷം അടുത്ത് വരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുല്ലപ്പെരിയാറില്‍ സ്ഥിരം ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫ് മേല്‍നോട്ട സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തും ഇന്നലെ ചേര്‍ന്ന മേല്‍നോട്ട സമിതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയറും മേല്‍നോട്ട സമിതിയുടെ അധ്യക്ഷനുമായ ഗുല്‍ഷന്‍ രാജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

കേരളത്തിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി, ടി.കെ. ജോസ്, ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ എന്നിവരാണ് പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.