നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹര്‍ജി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹര്‍ജി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാരിന്റെ ഹര്‍ജി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടക്കുന്ന തുടരന്വേഷണത്തില്‍ മെമ്മറി കാര്‍ഡിന്റെ പരിശോധന അനിവാര്യമാണ്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് എറണാകുളം സ്‌പെഷ്യല്‍ അഡി. സെഷന്‍സ് കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം മെയ് ഒന്‍പതിനു തള്ളിയെങ്കിലും മെയ് 26നാണ് ഈ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു.

ദിലീപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ചണ്ഡിഗഢിലെ ലാബില്‍ പരിശോധനയ്ക്കു നല്‍കാനായി 2020 ജനുവരി പത്തിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എടുത്തിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പകര്‍പ്പ് എടുക്കുന്ന ഘട്ടത്തിലാണ് കാര്‍ഡിന്റെ ഹാഷ്വാല്യൂ മാറിയെന്നും വീഡിയോ ദൃശ്യങ്ങള്‍ 2018 ഡിസംബര്‍ 13ന് അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്. ഇക്കാര്യം 2020 ജനുവരി 29ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് വിചാരണക്കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി വരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് അറിഞ്ഞതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മെമ്മറി കാര്‍ഡില്‍ വ്യത്യാസം സംഭവിച്ചതു കണ്ടെത്തിയില്ലെങ്കില്‍ ഇതിന്റെ ആനുകൂല്യം പ്രതികള്‍ക്കാണ് ലഭിക്കുകയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.