മതേതര മഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

മതേതര മഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഭീകര വാദത്തിനെതിരെ ദേശീയതല പ്രചാരണം; ഓഗസ്റ്റ് 15ന് ദേശീയ സമാധാന പ്രതിജ്ഞ.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതര മഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആഗോള ഭീകരതയെ നേരിടുവാന്‍ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

ആഗോള ഭീകര പ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെയും ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെയും അടിവേരുകള്‍ കേരളത്തിലെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്.

കാശ്മീരിനു ശേഷം കേരളം ഭീകരവാദത്തിന്റെ ഇടത്താവളമായി മാറുന്നുവെന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ആനുകാലിക സംഭവങ്ങളും റിപ്പോര്‍ട്ടുകളും. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍ ജനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സമാധാനവും ഉറപ്പു വരുത്തേണ്ട ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നത് ഏറെ ദുഃഖകരമാണ്.

മതേതരത്വം നിലനിര്‍ത്തി കാത്തു പരിപാലിക്കുവാന്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും മത രഹിതര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇത് ഭരണഘടനാപരമായ പൗര ദൗത്യമാണ്. എല്ലാ മത സമൂഹത്തിനും ഇന്ത്യയില്‍ തുല്യ അവകാശവും തുല്യ നീതിയും നല്‍കുന്ന ഭരണഘടനയുടെ അര്‍ത്ഥം ആഴത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ഭാരത സമൂഹത്തിനാകണം.

മതത്തില്‍ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ഇന്ത്യന്‍ പൗരന് അവകാശമുണ്ട്. സമാധാനവും മാനിഷാദയും പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുടെ പേരില്‍ ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഭീകരവാദ ക്രൂരത രാജ്യത്തുടനീളം ശക്തിപ്പെടുന്നത് പൊതുസമൂഹം ശക്തമായി എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടിത ശക്തിയായി ഭീതി വിതച്ച് അഴിഞ്ഞാടുന്ന ഭീകരപ്രസ്ഥാനങ്ങളുടെ മുമ്പില്‍ ഭരണ സംവിധാനങ്ങള്‍ നിഷ്‌ക്രിയരാകുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നു. വിവിധ ഭരണ സംവിധാനങ്ങളിലേയ്ക്കും ഭീകരവാദ ശക്തികളുടെ വ്യത്യസ്ത രൂപങ്ങള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ദേശീയ തലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ തല പരിപാടികളില്‍ വിവിധ ബഹുജന പ്രസ്ഥാനങ്ങളും പങ്കുചേരും. ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദ വിരുദ്ധ സമാധാന പ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ ബഹുജന പ്രസ്ഥാനങ്ങളും പങ്കുചേരുമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.