നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീര്‍ട്ട് വൈല്‍ഡേഴ്സിന് ഭീകര സംഘടനകളുടെ വധ ഭീഷണി

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീര്‍ട്ട് വൈല്‍ഡേഴ്സിന് ഭീകര സംഘടനകളുടെ വധ ഭീഷണി

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീര്‍ട്ട് വൈല്‍ഡേഴ്സിനെതിരെ ഇസ്ലാമിക ഭീകര സംഘടനകളുടെ വധ ഭീഷണി. ഒരു ഇന്ത്യന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചത് മുതല്‍ എനിക്ക് വധഭീഷണിയാണ്. നിരവധി കോളുകള്‍ വരുന്നുണ്ട്. ഖുറാനെ കുറിച്ച് സിനിമ ചെയ്തതിന് എനിക്ക് ഫത്വ പുറപ്പെടുവിച്ചു. ഞാന്‍ എന്റെ വീട് വിട്ടിറങ്ങി, പിന്നെ മടങ്ങിപ്പോയിട്ടില്ല. ശര്‍മ്മയ്ക്ക് എന്ത് നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. എനിക്ക് എഴുന്നേറ്റു നിന്ന് അവളെ പിന്തുണയ്ക്കണം. കാരണം അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ല.

ഞാന്‍ ഒരു ഖുറാന്‍ വാക്യത്തെക്കുറിച്ച് ഫിത്ന എന്ന സിനിമ ചെയ്തു. ഇസ്ലാമിക ആശയങ്ങളെ വിമര്‍ശിച്ചു. അതോടെ എനിക്ക് അല്‍-ഖ്വയ്ദയില്‍ നിന്നും താലിബാനില്‍ നിന്നും മറ്റ് പല സ്രോതസുകളില്‍ നിന്നും ഫത്വകള്‍ ലഭിച്ചു. എനിക്ക് എന്റെ വീട് വിടേണ്ടി വന്നു.

ഞാന്‍ ഒരു സുരക്ഷിത ഭവനത്തിലാണ് താമസിച്ചിരുന്നത്. ഇസ്ലാമിനെ വിമര്‍ശിച്ചതിന് 17 വര്‍ഷമായി പോലീസിന്റെ സുരക്ഷയില്ലാതെ തെരുവിലൂടെ സ്വാതന്ത്ര്യനായി നടക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എനിക്ക് എന്റെ വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെട്ടു'- ഗീര്‍ട്ട് വൈല്‍ഡേഴ്സ് പറഞ്ഞു.

അസഹിഷ്ണുതയുള്ളവരോട് സഹിഷ്ണുത പുലര്‍ത്തുന്നത് രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂപൂര്‍ ശര്‍മ്മ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇന്ത്യന്‍ കോടതിയാണ് തീരുമാനിക്കേണ്ടത്. ഇന്ത്യ ഒരു രാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമ നിര്‍മ്മാതാവ് കൂടിയായ ഗീര്‍ട്ട് വൈല്‍ഡേഴ്സ് വ്യക്തമാക്കുന്നു.

സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കുകയോ മാപ്പ് പറയുകയോ ചെയ്യരുതെന്നും സാമ്പത്തിക കാരണങ്ങളാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളുടെ രോഷത്തിന് പിന്നില്‍ ഇന്ത്യ അടിയറവ് പറയേണ്ട ആവശ്യമില്ല.

ഇന്ത്യയും നെതര്‍ലാന്‍ഡും പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്ക് നിയമവാഴ്ചയുണ്ട്. ഒരാള്‍ അതിരു കടന്നാല്‍ തീരുമാനിക്കേണ്ടത് കോടതികളാണ്. അല്ലാതെ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ജനക്കൂട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.