'പറക്കും തളികകള്‍' സത്യമോ, മിഥ്യയോ? അന്വേഷിക്കാന്‍ നാസയുടെ പ്രത്യേക സംഘം

'പറക്കും തളികകള്‍' സത്യമോ, മിഥ്യയോ? അന്വേഷിക്കാന്‍ നാസയുടെ പ്രത്യേക സംഘം

വാഷിംഗ്ടണ്‍: ആകാശത്തു കണ്ടെത്തുന്ന അജ്ഞാത വസ്തുക്കളെക്കുറിച്ച് (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബജക്ട്) പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി. ഗവേഷകര്‍ക്കു മുന്നില്‍ ഇപ്പോഴും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന പ്രകൃതിയിലെ ഇത്തരം അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നാസ കൂടുതല്‍ പഠനം നടത്തുന്നത്.

അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് യു.എസ്. പ്രതിരോധ വകുപ്പ് നടത്തുന്ന ഗവേഷണങ്ങളില്‍നിന്നു സ്വതന്ത്രമായിട്ടായിരിക്കും നാസ ടീമിന്റെ പ്രവര്‍ത്തനം. രാജ്യത്തിന്റെ ദേശീയ സുരക്ഷയും വ്യോമ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു പഠനത്തിന് തയാറെടുക്കുന്നതെന്നും നാസ അറിയിച്ചു. അതേസമയം അന്യഗ്രഹ ജീവി സാന്നിധ്യത്തിനുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്നും ഗവേഷകര്‍ പറയുന്നു. ഒമ്പത് മാസമെടുത്താണ് പഠനം പൂര്‍ത്തിയാക്കുന്നത്.

തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കും. യു.എസ്. സര്‍ക്കാര്‍, സാധാരണ പൗരന്മാര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യും. ആകാശത്തു കണ്ടെത്തുന്ന അജ്ഞാത വസ്തുക്കള്‍ സംബന്ധിച്ച് ഒരു ശാസ്ത്രീയ ധാരണ കൊണ്ടുവരികയാണ് പഠനത്തിന്റെ ലക്ഷ്യം. സൈമണ്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റും ജ്യോതിശാസ്ത്രജ്ഞനുമായ ഡേവിഡ് സ്പെര്‍ഗല്‍ സംഘത്തെ നയിക്കും.

ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ തങ്ങള്‍ ശാസ്ത്രീയമായി സമീപിക്കുമെന്ന് ഡേവിഡ് സ്പെര്‍ഗല്‍ പറഞ്ഞു. തന്റെ കരിയറിന്റെ ഭൂരിഭാഗവും പ്രപഞ്ചത്തെ നിരീക്ഷിക്കാനാണ് ചെലവഴിച്ചത്. എന്നാല്‍ പ്രപഞ്ചത്തിന്റെ 95 ശതമാനവും എന്താണെന്ന് തിരിച്ചറിയാന്‍ ഇനിയും ഗവേഷകര്‍ക്കു കഴിഞ്ഞില്ലെന്നും മനസിലാകാത്ത കാര്യങ്ങള്‍ നിരവധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്ഞാത ആകാശ വസ്തുക്കളെ പൊതുവെ പറക്കും തളികകള്‍ അഥവാ യു.എഫ്.ഒകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. പറക്കും തളികകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവ വെറും സാങ്കല്‍പികമാണെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇത് എന്താണെന്നു കൃത്യമായി വിശദീകരിക്കാനും ഗവേഷകര്‍ക്കു കഴിയുന്നില്ല.

അടുത്തിടെ യു.എസ് കോണ്‍ഗ്രസില്‍ അരനൂറ്റാണ്ടിന് ശേഷം ആദ്യമായി യു.എഫ്.ഒകളെക്കുറിച്ച് പബ്ലിക് ഹിയറിംഗ് നടത്തിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആകാശത്ത് ഇത്തരം പ്രതിഭാസങ്ങള്‍ കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിച്ചതായി യു.എസ് നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. യു.എസ് നാവിക പൈലറ്റുമാരാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്കു കൂടുതലും സാക്ഷ്യം വഹിച്ചിട്ടുള്ളത്.

അതേസമയം, ആകാശത്തെ അജ്ഞാത വസ്തുക്കള്‍ക്ക് പിന്നില്‍ ചൈനയോ റഷ്യയോ ആകാമെന്ന പ്രചാരണങ്ങളുമുണ്ട്. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നാണ് ഒരു വിഭാഗം പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളതിനാല്‍ യു.എഫ്.ഒകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്:

ആകാശത്തു കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ വിശദീകരിക്കാനാവാതെ യു.എസ്. റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയിലും 'പറക്കും തളികകള്‍'; ഗൗരവത്തിലെടുക്കണമെന്ന് പ്രതിരോധ വിദഗ്ധര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.