ആകാശത്തു കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ വിശദീകരിക്കാനാവാതെ യു.എസ്. റിപ്പോര്‍ട്ട്

ആകാശത്തു കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ വിശദീകരിക്കാനാവാതെ യു.എസ്. റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യു.എസ്. സൈനിക നാവിക പൈലറ്റുമാര്‍ ആകാശത്തു കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ (അണ്‍ ഐഡന്റിഫൈഡ് ഫ്ളൈയിംഗ് ഒബജക്ട്) എന്താണെന്നു വിശദീകരിക്കാനാവാതെ അമേരിക്കന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കി. ആകാശത്തെ അജ്ഞാത പ്രതിഭാസം അന്യഗ്രഹ സാന്നിധ്യമാകാനുള്ള സാധ്യതകളെ തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

2004-നും 2021-നും ഇടയില്‍ യു.എസ് പൈലറ്റുമാര്‍ കണ്ടെത്തിയിട്ടുള്ള 144 തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ദിവസം യു.എസ്. കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കി.

യു.എസിന്റെ വ്യോമാതിര്‍ത്തിയിലേക്കും പരിശീലന മേഖലകളിലേക്കുമുള്ള അജ്ഞാത വസ്തുക്കളുടെ കടന്നുകയറ്റം സംബന്ധിച്ച സൈനിക റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനായി യു.എസ് നാവികസേനയുടെ നേതൃത്വത്തില്‍ അണ്‍ ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന (യുഎപി) ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഈ ടാസ്‌ക് ഫോഴ്സുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടാണ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ പുറത്തുവിട്ടത്. ആകാശത്തെ തിരിച്ചറിയപ്പെടാത്ത പ്രതിഭാസങ്ങള്‍ എന്താണെന്നറിയാന്‍ ഏറെ പ്രതീക്ഷയോടെയാണ് ജനം കാത്തിരുന്നത്. എന്നാല്‍ കൃത്യമായി ഉത്തരം നല്‍കാതെ ചില സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

ഇത്തരം പ്രതിഭാസങ്ങള്‍ ആകാശത്ത്് സുരക്ഷാ ഭീഷണി ഉയര്‍ത്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ അജ്ഞാത പ്രതിഭാസങ്ങളും വിശദീകരിക്കുന്നില്ലെങ്കിലും അവയില്‍ ചിലതിന് അസാധാരണമായ സവിശേഷതകളുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചില അജ്ഞാത പ്രതിഭാസങ്ങള്‍ ഒരുപക്ഷേ സെന്‍സര്‍ പിശകുകള്‍, അല്ലെങ്കില്‍ നാവിക ഉദ്യോഗസ്ഥന്റെ തെറ്റായ നിഗമനം എന്നിവയുടെ ഫലമായിരിക്കാം. അന്തരീക്ഷത്തിലെ പ്രതിഭാസങ്ങളോ, പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ വസ്തുക്കളോ, (അതായത് പക്ഷികളോ ഡ്രോണുകളോ ഒക്കെ) പൈലറ്റിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. അമേരിക്ക ആകാശത്തു നടത്തുന്ന പ്രതിരോധ ടെസ്റ്റുകള്‍, റഷ്യയോ ചൈനയോ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ എന്നിവ സംശയാസ്പദമായ ഇത്തരം പ്രതിഭാസങ്ങള്‍ക്കു കാരണമായേക്കാം. ഇത് എന്താണെന്നു കൃത്യമായി കണ്ടെത്താന്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ ആവശ്യമാണ്.

144 എണ്ണത്തില്‍ പതിനെട്ട് എണ്ണം അസാധാരണ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഒന്നിലധികം കോണുകളില്‍നിന്ന് ഇവയെ നിരീക്ഷിച്ചതിന്റെ ഫലമായി അസാധാരണ ചലനങ്ങള്‍, വളരെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ നിശ്ചലമായി നില്‍ക്കുക, കൃത്യമായ ദിശയില്ലാതെ അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുക എന്നീ സവിശേഷതകള്‍ കണ്ടെത്തി. ആകാശത്തിലെ അജ്ഞാത വസ്തുക്കളെ തിരിച്ചറിയാന്‍ പൈലറ്റുമാരും അവരുടെ വിമാനങ്ങളും സജ്ജരല്ലെന്ന ന്യൂനത ഒന്‍പതു പേജുള്ള റിപ്പോര്‍ട്ട് ഉന്നിപ്പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.