സിഡ്‌നി: ആകാശത്തെ അജ്ഞാത വസ്തുക്കളെക്കുറിച്ചുള്ള (യു.എഫ്.ഒ.) സമഗ്ര റിപ്പോര്‍ട്ട് ചരിത്രത്തിലാദ്യമായി യു.എസ്. സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെ ഇവ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും സജീവമായിരിക്കുകയാണ്.
യു.എസ്. സേനാ പൈലറ്റുമാര്‍ ആകാശത്തു കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബജക്ട്) സംബന്ധിച്ച നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഒന്‍പതു പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയത്. അണ്‍ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിനന്‍ എന്നു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ച തിരിച്ചറിയാനാവാത്ത ആകാശ പ്രതിഭാസങ്ങള്‍ യു.എസില്‍ മാത്രമല്ല ഓസ്‌ട്രേലിയ, ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്.
വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുമ്പോഴും 1960 മുതല്‍ ഓസ്ട്രേലിയന്‍ വ്യോമാതിര്‍ത്തിക്കു സമീപം നിരവധി അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുള്ളതായി പ്രതിരോധ രംഗത്തുള്ളവര്‍ പറയുന്നു.
1960 ജൂലൈ 15-ന് തെക്കന്‍ ഓസ്ട്രേലിയയില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഓസ്ട്രേലിയ പ്രസിദ്ധീകരിച്ച രേഖയില്‍ വെളിപ്പെടുത്തുന്നു.
തെക്കന്‍ ഓസ്ട്രേലിയയിലെ മറലിംഗ വില്ലേജില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ബ്രിട്ടീഷ് ആണവപരീക്ഷണ മേഖലയായ വെവാക്കിലാണ് യു.എഫ്.ഒ. കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. അകാശത്ത് ചുവന്ന വെളിച്ചം കണ്ടതായി ഒന്നിലധികം ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. വെറുമൊരു പ്രകൃതി പ്രതിഭാസമെന്നു പറഞ്ഞ് ഇത് തള്ളിക്കളയാനാവില്ല. ഒന്നുകില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള കോണ്‍ മാതൃകയിലുള്ള വെളിച്ചം അല്ലെങ്കില്‍ ഒരു പറക്കും തളിക (ഫ്‌ളൈയിംഗ് സോസര്‍) ആയിരിക്കാമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1991-ല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്തെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ എക്സ്മൗത്തിലെ ഓസ്ട്രേലിയന്‍-യുഎസ് സംയുക്ത പ്രതിരോധ കേന്ദ്രത്തിന് സമീപം രണ്ട് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കണ്ട അസാധാരണ സംഭവവും അടുത്തിടെ പുറത്തുവന്നു. ഡയമണ്ട് ആകൃതിയിലുള്ള ഒരു വസ്തു തന്റെ കാറിനടുത്തേക്കു താഴ്ന്നു പറന്നശേഷം അതിവേഗത്തില്‍ ആകാശത്തേക്കു തിരിച്ചുപറന്നതായി സത്രീ വിവരിക്കുന്നു. ഇവരുടെ അവകാശവാദം അമേരിക്ക മാത്രമാണു ഗൗരവമായി എടുത്തത്.
യു.എസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി ഇത്തരം ഭീഷണികളെ പ്രതിരോധിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും അവ ഗൗരവത്തിലെടുക്കാനോ പ്രതിരോധിക്കാനോ ഓസ്ട്രേലിയന്‍ സര്‍ക്കാരിനും പ്രതിരോധ വകുപ്പിനും കഴിയുന്നില്ലെന്നു വിമര്‍ശനം ഉയരുകയാണ്. ദേശീയ സുരക്ഷയ്ക്കു വരെ ഭീഷണി ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ തുടരുന്ന അലംഭാവമാണ് വിമര്‍ശനത്തിനു വഴിവയ്ക്കുന്നത്.
ഓസ്ട്രേലിയന്‍ സൈനിക മേഖലയിലോ സമീപപ്രദേശങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ച് രേഖപ്പെടുത്താനും വിശകലനം ചെയ്യാനുമുള്ള കൃത്യമായ മാര്‍ഗരേഖയോ സാങ്കേതിക സംവിധാനമോ പ്രതിരോധ വകുപ്പിനില്ലെന്നു ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു വലിയ വീഴ്ച്ചയായി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷ കക്ഷികളും. ഇത്തരം തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും അവ പ്രതിരോധിക്കാനും സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുക്കണമെന്ന മുറവിളിയും ഉയരുന്നുണ്ട്.
അതേസമയം, യു.എഫ്.ഒ വിഷയം സര്‍ക്കാറിന്റെയോ ഓസ്ട്രേലിയന്‍ പ്രതിരോധ സേനയുടെയോ പരിഗണനയിലുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യു.എസിന്റേതു പോലുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക മാര്‍ഗരേഖയോ നയമോ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ ഇല്ലെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
1990 കള്‍ക്ക് ശേഷം യു.എഫ്.ഒ സംബന്ധിച്ച യാതൊരു അന്വേഷണവും റോയല്‍ ഓസ്‌ട്രേലിയന്‍ വ്യോമസേന നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ രേഖകള്‍ വീണ്ടെടുക്കാന്‍ വിവരാവകാശനിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ ഫയലുകള്‍ കാണാതാവുകയോ നശിക്കുകയോ ചെയ്തതായുള്ള മറുപടിയാണ് ലഭിച്ചെതന്നു 2011-ല്‍ സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകളെ അവഗണിക്കാതെ ഓസ്‌ട്രേലിയ തങ്ങളുടെ പ്രതിരോധ സംവിധാനത്തില്‍ അജ്ഞാത ആകാശ പ്രതിഭാസങ്ങളെ അവലോകനം ചെയ്യാനുള്ള ഒരു മാര്‍ഗരേഖ കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയരുന്നത്.
2004 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പൈലറ്റുമാര്‍ കണ്ട നിഗൂഢവും അജ്ഞാതവുമായ പറക്കും വസ്തുക്കളെക്കുറിച്ചുള്ള 144 സംഭവങ്ങളാണു യു.എസ്. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അജ്ഞാത വസ്തുക്കളുടെ സ്വഭാവം വിശദീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോഴും ഇവ ദേശീയ സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന മുന്നറിയിപ്പോടെയാണ് അവസാനിപ്പിക്കുന്നത്.
പെന്റഗണ്‍ രൂപം നല്‍കിയ, നാവികസേനയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘവും ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സിന്റെ ഓഫീസും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിഷയം വളരെ ഗൗരവത്തോടെ എടുക്കാന്‍ യുഎസ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍. അജ്ഞാത ആകാശ പ്രതിഭാസങ്ങളെ നേരിടാനാവശ്യമായ പരിശീലനം സൈന്യത്തിന് നല്‍കാന്‍ പുതിയ നയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.