പാവങ്ങളുടെ പടയാളിയായിരുന്ന പാദുവായിലെ വിശുദ്ധ അന്തോണീസ്

പാവങ്ങളുടെ പടയാളിയായിരുന്ന പാദുവായിലെ വിശുദ്ധ അന്തോണീസ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 13

പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ പട്ടണത്തില്‍ മാര്‍ട്ടിന്‍-ത്രേസ്യാ ദമ്പതികളുടെ മകനായി 1195 ഓഗസ്റ്റ് 15 ന് അന്തോണി ജനിച്ചു. പ്രഭു കുടുംബത്തിലെ അംഗമായ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെര്‍ണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്.

നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മ പരിശുദ്ധാത്മാവിന് അന്തോണിയെ സമര്‍പ്പിച്ചിരുന്നു. എന്തെങ്കിലും കാര്യത്തിന് ഫെര്‍ണാണ്ടോ കരയുമ്പോള്‍ മാതാവിന്റെ സ്വരൂപം കാണിച്ചാല്‍ അവന്‍ കരച്ചില്‍ നിര്‍ത്തുമായിരുന്നു. വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ ആ ബാലന്‍ അതിവേഗം സ്വന്തമാക്കി.

സ്‌കൂളില്‍ വച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മത വിഷയങ്ങളും ഫെര്‍ണാണ്ടോ പഠിച്ചു. ബുദ്ധിശാലിയായ അവന് നല്ല ഓര്‍മ്മ ശക്തിയും ഉണ്ടായിരുന്നു. അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തതിനാല്‍ വിശ്വാസത്തില്‍ കൂടുതലായി ആഴപ്പെടാന്‍ ഫെര്‍ണാണ്ടോയ്ക്ക് സാധിച്ചു.

ദൈവവിളിയുടെ ഭാഗമായി ഫെര്‍ണാണ്ടോ അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. 1210 ല്‍ സെന്റ് വിന്‍സെന്റ് ആശ്രമത്തില്‍ ചേര്‍ന്നു. ഫ്രാന്‍സിസ്‌കന്‍ സഭയുടെ ലളിത ജീവിതവും സുവിശേഷ പ്രഘോഷണ ത്വരയും അന്തോണിസിനെ ആകര്‍ഷിച്ചു. കൂടാതെ മൊറോക്കോയില്‍ വച്ച് രക്തസാക്ഷികളായ ഫ്രാന്‍സിസ്‌കന്‍ സഹോദരങ്ങളെപ്പറ്റി കേട്ടപ്പോള്‍ മൊറോക്കോയില്‍ പോയി കര്‍ത്താവിനായി രക്തസാക്ഷിത്വം വഹിക്കാന്‍ അവന്റെ ഹൃദയം തുടിച്ചു.

ആ ആഗ്രഹത്തോടുകൂടി അന്തോണി 1220 ല്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തില്‍ ചേര്‍ന്നെങ്കിലും വേദശാസ്ത്ര പണ്ഡിതന്‍ എന്ന നിലയില്‍ ബൊളോഞ്ഞാ മോണ്ട് വെല്ലിയര്‍, പാദുവ എന്നീ വിദ്യാപീഠങ്ങളില്‍ സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയില്‍ ഇറ്റലിയില്‍ അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. വചന പ്രഘോഷണത്തില്‍ വളരെ സാമര്‍ത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ്.

അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണങ്ങള്‍ ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുകയും വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാത്രി മുഴുവന്‍ ദേവാലയത്തില്‍ തങ്ങുകയും ചെയ്യുമായിരുന്നു.

ജന മനസുകളില്‍ അത്രമാത്രം സ്വാധീനമുള്ള സുവിശേഷ പ്രഘോഷകനായിരുന്നു വിശുദ്ധ അന്തോണീസ്. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം വിശുദ്ധന്റെ താമസ സ്ഥലവും സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു.

പാദുവാ നഗരത്തിന്റെ നാമത്തോട് ചേര്‍ന്നാണ് അന്തോണീസ് അറിയപ്പെടുന്നത്. 1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത്. പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത്. കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു.

ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ മേധാവിയായിരുന്ന ഏലിയാസ് അക്കാലത്ത് ആവിഷ്‌ക്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ അന്തോണീസ് ശക്തമായി നിലകൊണ്ടു. 1231 ജൂണ്‍ 13 ന് പാദുവായ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്യാസി മഠത്തില്‍ വച്ച് മുപ്പത്താറാം വയസില്‍ അദ്ദേഹം നിര്യാതനായി.

മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും 1946 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.

കുഞ്ഞുങ്ങളോടെ ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്ന വിശുദ്ധ അന്തോണീസ് പുണ്യവാളനോട് കൊച്ചു കുട്ടികള്‍ക്കുണ്ടാകുന്ന രോഗ വ്യാധിയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ട്. നഷ്ടപ്പെട്ട വസ്തുക്കളെയും മനുഷ്യരെയും വീണ്ടെടുക്കാന്‍ നമ്മള്‍ അന്തോണീസിന്റെ പ്രത്യേക മാധ്യസ്ഥം തേടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ ദാമ്‌നാദ്

2. റോമന്‍ കന്യകയായ ഫെലിക്കുള

3. ഇറ്റലിക്കാരനായ പെരെഗ്രിനൂസ്

4. കൊര്‍ദോവയിലെ ഫാന്‍ഡിലാസ്

5. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഫെര്‍ത്തുണാത്തൂസും ലൂസിയനും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.