ഒഹായോയില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും തോക്കുകള്‍ കൈവശം വയ്ക്കാം; നിയമനിര്‍മാണത്തിന് ഗവര്‍ണറുടെ അംഗീകാരം

ഒഹായോയില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും തോക്കുകള്‍ കൈവശം വയ്ക്കാം; നിയമനിര്‍മാണത്തിന് ഗവര്‍ണറുടെ അംഗീകാരം

ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ 

കൊളംബസ്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും തോക്ക് കൈവശം വയ്ക്കുന്നതിന് അനുവദിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ ഒപ്പുവച്ചു. ടെക്‌സാസിലെ എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

നിയമപ്രകാരം തോക്കുകള്‍ കൈവശം വയ്ക്കുന്ന സ്‌കൂള്‍ ജീവനക്കാരന് 24 മണിക്കൂറില്‍ കുറയാതെ പ്രാഥമിക പരിശീലനവും തുടര്‍ന്ന് ഓരോ വര്‍ഷവും എട്ട് മണിക്കൂര്‍ പരിശീലനവും ലഭിച്ചിരിക്കണം. പരിശീലന പരിപാടികള്‍ക്ക് ഒഹായോ സ്‌കൂള്‍ സേഫ്റ്റി സെന്ററിന്റെ അംഗീകാരം ഉണ്ടായിരിക്കണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് അധിക പരിശീലനം നല്‍കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്‌കൂളുകളിലെയും കോളജുകളിലെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ മറ്റ് നിരവധി നടപടികള്‍ക്കും പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്‌കൂളുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ 100 ദശലക്ഷം യു.എസ്. ഡോളറും കോളജുകള്‍ക്ക് അഞ്ച് മില്യണ്‍ ഡോളറുമാണ് പദ്ധതിച്ചെലവ്.

സ്‌കൂളുകളുടെ സുരക്ഷാ ദൗത്യത്തിനായി 28 ജീവനക്കാരെ പരിശീലന കേന്ദ്രത്തിലേക്ക് അയയ്്ക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങളും മറ്റും പരിഹരിക്കാന്‍ സ്‌കൂളുകള്‍ക്കായി 1.2 ബില്യണ്‍ ഡോളര്‍ വെല്‍നസ് ഫണ്ടും അനുവദിച്ചതായി ഒഹായോ ഗവര്‍ണര്‍ പറഞ്ഞു.

പുതിയ നിയമനിര്‍മാണത്തിലൂടെ സ്‌കൂളുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് പ്രതികരിക്കാനും മികച്ച തീരുമാനം എടുക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമിയെ എങ്ങനെ തടയാം, ആക്രമണത്തിനുള്ള സാഹചര്യം എങ്ങനെ ലഘൂകരിക്കാം, തോക്കുകളുടെ പരിശീലനം, പ്രഥമശുശ്രൂഷ, സാഹചര്യം അടിസ്ഥാനമാക്കിയുള്ള പ്രതികരണം എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം ഈ നിയമം നടപ്പാക്കുന്നത് നിര്‍ബന്ധമല്ലെന്നും ബില്ലില്‍ പറയുന്നു.

അതേസമയം, നിയമനിര്‍മ്മാണം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.