ബാലരാമന്‍മാരെ കോണ്‍ഗ്രസ് നിയന്ത്രിക്കണം

ബാലരാമന്‍മാരെ കോണ്‍ഗ്രസ്  നിയന്ത്രിക്കണം

കിടുവത്ത് ശ്രീനാരായണന്റെ മകന്‍ വി.ടി ബല്‍റാം ആള് കിടുവാണ്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിന്ന് രണ്ടു വട്ടം നിയമസഭാംഗമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.ബി രാജേഷിനോട് തോറ്റു. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ നേതാക്കളില്‍ ശ്രദ്ധേയനായ അദ്ദേഹം കെപിസിസി വൈസ് പ്രസിഡന്റാണിപ്പോള്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു നേതാവ് കൂടിയാണ് വി.ടി ബല്‍റാം.

ചില അബദ്ധങ്ങളൊക്കെ പോസ്റ്റ് ചെയ്ത് ഇടയ്ക്കിടെ പുലിവാല് പിടിക്കാറുണ്ടെങ്കിലും ബല്‍റാമിന് സോഷ്യല്‍ മീഡിയയില്‍ തരക്കേടില്ലാത്ത ഫോളോവേഴ്‌സുണ്ട്. കൂടുതലും കോണ്‍ഗ്രസുകാരാണെങ്കില്‍ പോലും.

ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ പോലെ കര്‍ശന നിബന്ധനകളില്ലാതെ ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന പൊതു ഇടങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍. അത്തരത്തില്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവരവര്‍ സ്വയം നിയന്ത്രിക്കുക എന്നതാണ് അന്തസ്. പ്രത്യേകിച്ച് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവര്‍.

നബിനിന്ദ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ നടക്കുന്ന ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ അരുതെന്ന് കാണിച്ച് കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്ന് പൊതുജനം കരുതിവന്ന അന്തസിനും സ്ഥാനമാനങ്ങള്‍ക്കും ചേരാത്തതായിപ്പോയി.

ഒരു മതത്തിനെതിരെയും സംസാരിച്ച് പ്രകോപനമുണ്ടാക്കരുതെന്ന ആ പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശത്തെ നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും സര്‍വാത്മനാ സ്വാഗതം ചെയ്യും. എന്നാല്‍ ഇതൊന്നും ദഹിക്കാത്ത ചില തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ ഹാലിളകി തെരുവിലിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന ബല്‍റാമിന്റെ മതേതര ജനാധിപത്യ ബോധത്തെ ചോദ്യം ചെയ്യുന്നില്ല. കാരണം അദ്ദേഹത്തിന്റെ തട്ടകം തൃക്കാക്കരയല്ല, തൃത്താലയാണ്. അവിടെ ക്ലച്ച് പിടിച്ച് തിരികെ വരണമെങ്കില്‍ ഇങ്ങനെ ചില സോഷ്യല്‍ എന്‍ജിനീയറിങ് ഒക്കെ നടത്തണം.

പക്ഷേ, അതിനായി മറ്റൊരു സമുദായത്തിന്റെ ആത്മീയ നേതാവിനെ ഇകഴ്ത്തി കാണിച്ചത് ഖേദകരം മാത്രമല്ല, പ്രതിഷേധാര്‍ഹവുമാണ്. പാലാ ബിഷപ്പ് ക്രൈസ്തവ വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെടുത്തിയ നാര്‍ക്കോട്ടിക് ജിഹാദ് കഴമ്പില്ലാത്ത വിദ്വേഷ പ്രചാരണവും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ദുരാരോപണവുമാണന്ന തെറ്റായ ബോധ്യം താങ്കള്‍ ആദ്യം തിരുത്തണം.

അതിന് സോഷ്യല്‍ മീഡിയയെന്ന ഉപരിപ്ലവ പാഠശാലയില്‍ നിന്നും ടിസി വാങ്ങി ചരിത്രം നന്നായി പഠിപ്പിക്കുന്ന സ്‌കൂളില്‍ ചേരുക. പ്രായവും കാലവും ഇനി അതിന് അനുവദിക്കുന്നില്ലെങ്കില്‍ ചരിത്രം തലനാരിഴ കീറി പഠിച്ച വിദഗ്ധര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളെങ്കിലും വാങ്ങി വായിക്കുക. അപ്പോള്‍ മനസിലാകും പാലാ ബിഷപ്പ് പറഞ്ഞത് മത വിദ്വേഷമല്ല, സമൂഹത്തിന്റെ പൊതു നന്മയ്ക്കായുള്ള കരുതലിന്റെ സന്ദേശമാണെന്ന്. ക്രൈസ്തവര്‍ ഒരിക്കലും മത വിദ്വേഷ വാഹകരല്ല എന്നും ചരിത്ര പുസ്തകങ്ങള്‍ താങ്കള്‍ക്ക് പറഞ്ഞു തരും.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ഇനി അറിയാനുള്ളത് കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന വി.ടി ബല്‍റാമിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വന്തമോ അതോ, കോണ്‍ഗ്രസിന്റെ കൂടി അഭിപ്രായമാണോ എന്നാണ്. കാരണം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചു കണ്ടില്ല. മറ്റേതെങ്കിലും മത നേതാക്കളെയാണ് ഇപ്രകാരം ആക്ഷേപിച്ചതെങ്കില്‍ ബല്‍റാമിനെ തള്ളിപ്പറയാന്‍ നേതാക്കളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടാകുമായിരുന്നു.

എന്തായാലും നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട ബല്‍റാമിന്റെ അഭിപ്രായത്തെ അറിവില്ലായ്മ എന്ന പരിഗണ നല്‍കി അവഗണിക്കാമെങ്കിലും ഇനിയും ഇത്തരം ബാലരാമന്‍മാര്‍ വളയമില്ലാതെ ചാടുന്നത് കെപിസിസി നേതൃത്വം അടിയന്തമായി നിയന്ത്രിക്കണം. അല്ലെങ്കില്‍ തൃക്കാക്കരയിലെ ചിരി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോള്‍ ഉണ്ടാകണമെന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.