തീപിടിച്ച് അഗ്നിപഥ്: പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ട്രെയിനുകള്‍ക്ക് തീയിട്ടു; ബീഹാറിലും ഹരിയാനയിലും പൊലീസ് വെടിയുതിര്‍ത്തു

തീപിടിച്ച് അഗ്നിപഥ്: പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ട്രെയിനുകള്‍ക്ക് തീയിട്ടു; ബീഹാറിലും ഹരിയാനയിലും പൊലീസ് വെടിയുതിര്‍ത്തു

നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നേരെയും ആക്രമണം
നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍


ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ സൈന്യത്തിലേക്ക് നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം അതിശക്തമാകുന്നു. ബിഹാറിന് പുറമെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കത്തിപ്പടരുകയാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ ട്രെയിന്‍ ഗ്വാളിയോര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുമ്പു വടിയും കല്ലുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

എഞ്ചിന്‍ മുതല്‍ അവസാനത്തെ ബോഗി വരെ ട്രെയിനിന്റെ എല്ലാഭാഗത്തും ആക്രമണമുണ്ടായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധക്കാര്‍ എസി കമ്പാര്‍ട്ട്‌മെന്റിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. കാര്‍ഡ് ബോര്‍ഡുകള്‍ വച്ച് ഗ്ലാസുകള്‍ താല്‍കാലികമായി അടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. പ്ലാറ്റ്ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.

ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 22 ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. നിരവധി ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബിഹാറിലെ നവാഡയില്‍ ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനം തകര്‍ത്തു. കല്ലേറില്‍ എംഎല്‍എ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നവാഡയിലെ ബിജെപി ഓഫീസ് സമരക്കാര്‍ അടിച്ചു തകര്‍ത്തു.

ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂര്‍, ചപ്ര എന്നിവിടങ്ങളിലും സമരക്കാര്‍ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ജഹാനാബാദില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു.

നവാഡയില്‍ ഉദ്യോഗാര്‍ത്ഥികള്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സമരം ഏറ്റവും ശക്തമായ ബീഹാറില്‍ റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ പല്‍വാലയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു.

അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഒരു തൊഴില്‍ സുരക്ഷിതത്വവുമില്ലാതെ യുവാക്കളോട് പരമമായ ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. സാധാരണ സൈനിക റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. പദ്ധതിയെ വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.