പൊതുവേ പൊലീസുകാരെ കുറിച്ച് മോശം കാഴ്ചപ്പാടുള്ളവരാണ് അധികവും. വ്യക്തിപരമായ ഇത്തരം അഭിപ്രായങ്ങളെ തിരുത്താനോ അവരെ എതിര്‍ക്കാനോ മറ്റാര്‍ക്കും അവകാശവുമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും പൊലീസുകാരെ വിമര്‍ശിക്കുന്നവര്‍ക്ക് ഇടക്കെങ്കിലും അല്‍പം ആശ്വാസത്തിന് വക നല്‍കാന്‍ മനുഷ്യത്വമുള്ള ചില പൊലീസുകാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ചില നന്മകള്‍, അത് പൊലീസല്ല ആര് ചെയ്താലും കൈയ്യടിക്കുക തന്നെ വേണം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി പൊലീസുകാര്‍ക്ക് അഭിമാനമായിരിക്കുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരന്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിട്ടില്ല. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ വീഡിയോ പങ്കുവച്ചതോടെയാണ് ഇദ്ദേഹത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്.
ട്രാഫിക് സിഗ്നനലില്‍ ചുവപ്പ് കത്തിക്കിടക്കുന്ന സമയത്ത് റോഡിലുള്ള ഉരുളന്‍ കല്ലുകളും ചരലും ചൂലുപയോഗിച്ച് വൃത്തിയാക്കുന്ന ട്രാഫിക് പൊലീസുകാരന്റെ വീഡിയോയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ചത്. റോഡില്‍ ഈ രീതിയില്‍ ചരല്‍ കിടന്നാല്‍ അത് വാഹനങ്ങളുടെ ചക്രം ഉരയുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകാം. ഇതൊഴിവാക്കാനാണ് ട്രാഫിക് പൊലീസുകാരന്‍ റോഡ് വൃത്തിയാക്കുന്നത്.
വാഹന യാത്രികരുടെ സുരക്ഷയെ മാനിച്ച് സ്വന്തം തൊഴിലില്‍ ഇത്രമാത്രം ആത്മാര്‍ത്ഥത വച്ചു പുലര്‍ത്തുന്ന പൊലീസുകാരന് ആയിരങ്ങളാണ് ഓണ്‍ലൈനില്‍ സല്യൂട്ട് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കുന്ന ഒരു നാട്ടുകാരനെയും വീഡിയോയില്‍ കാണാം.
പൊതുവേ വളരെയധികം വിഷമത പിടിച്ച ജോലിയാണ് ട്രാഫിക് പൊലീസുകാരുടേത്. വെയിലും മഴയും കൊണ്ട് റോഡില്‍ മണിക്കൂറുകളോളമാണ് നില്‍ക്കുന്നത്. ബഹളങ്ങളും തിരക്കും നിയന്ത്രിക്കണം. അത്രയും ബുദ്ധിമുട്ടുള്ള ജോലിക്കിടയിലും അതിന്റെ അതിരുകള്‍ കടന്ന് മനുഷ്യ നന്മയെ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഉറപ്പായും ഈ പൊലീസുകാരന്റെ വ്യക്തിത്വമാണെന്ന് തന്നെയാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
ഈ പൊലീസുകാരനെ കണ്ടെത്തി അദ്ദേഹത്തിന് ആദരം അര്‍പ്പിക്കണമെന്നാണ് വീഡിയോ കണ്ടരുടെ ആവശ്യം. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മാതൃകാപരമായ വീഡിയോ ആയിരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.